നവീന്‍ ബാബു ജീവനൊടുക്കിയതെന്ന് പോലീസ് ഹൈക്കോടതിയില്‍
Saturday, December 7, 2024 1:51 AM IST
കൊച്ചി: നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല ആത്മഹത്യതന്നെയെന്നു പോലിസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പില്‍വച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീന്‍ തൂങ്ങിമരിച്ചത്.
പഴുതില്ലാത്ത അന്വേഷണമാണു നടത്തുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്കി. നവീന്‍ ബാബുവിന്റെയും പെട്രോള്‍ പമ്പിനായി അപേക്ഷ നല്കിയ പ്രശാന്തന്റെയും സിഡിആര്‍ പരിശോധിച്ചു. റവന്യു ഉദ്യോഗസ്ഥരുടെ മുന്പില് വച്ചാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
നവീന്‍ ബാബുവിനെ തേജോവധം ചെയ്യുകയെന്ന ദുരുദ്ദേശ്യത്തോടെയാണു പി.പി. ദിവ്യ യോഗത്തിന് എത്തിയത്. അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ഹര്‍ജിക്കാരിയുടെ വാദം അവാസ്തവമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നുണ്ട്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ആത്മഹത്യയാണെന്നാണ് അറിയിച്ചിരിക്കുന്നത്. തൂങ്ങിമരണമാണെന്നും ശരീരത്തില്‍ മറ്റ് മുറിപ്പാടുകള്‍ ഇല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.