സമാധാന രാജാവിന്റെ ജനനം
Saturday, December 7, 2024 1:51 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ഷാലോം എന്ന ഹെബ്രായ പദത്തിനർഥം സമാധാനം എന്നാണ്. യുദ്ധമില്ലാത്ത അവസ്ഥ അഥവാ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥ. മാത്രമല്ല, ശാരീരികവും മാനസികവും ഭൗതികവും ആത്മീകവുമായ സമാധാനവുമാണ് ഷാലോം എന്നതുകൊണ്ട് അർഥമാക്കുന്നത്. അതായത്, സമഗ്രമായ സമാധാനം. ഷാലോമിന്റെ നാല് ഘടകങ്ങളായ ശാരീരികവും മാനസികവും ആത്മീയവും ഭൗതികവുമായ സുസ്ഥിതിയിൽ ഏതെങ്കിലും ഒന്നിന് കുറവ് വന്നാൽ അവിടെ സമാധാനമില്ല, സന്തോഷവുമില്ല. സമഗ്ര വിമോചകൻ മനുഷ്യമക്കൾക്ക് സമഗ്രമായ സമാധാനം നല്കുവാനാണ് മനുഷ്യനായി പിറന്നത്.
സമാധാനത്തിന്റെ രാജകുമാരൻ ഭൂമിയിൽ വന്നുപിറക്കുമെന്ന് ഈശോയുടെ ജനനത്തിന്റെ നൂറ്റാണ്ടുകൾക്കു മുന്പ് ഏശയ്യാ പ്രവാചകൻ പ്രവചിച്ചിരുന്നു (9:6). എന്നാൽ ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ തന്നെ ശ്രവിച്ചിരുന്നവരോട് പറഞ്ഞു: ‘സമാധാനമല്ല ഭിന്നതകളും (ലൂക്കാ 12:51) വാളുമാണ് (മത്തായി 10:34) ഞാൻ നല്കുന്നത്, കൊണ്ടുവന്നിരിക്കുന്നത്’. ഭിന്നതകളും വാളും എന്ന് ‘സമാധാനത്തിന്റെ രാജകുമാരൻ’ പറയാൻ കാരണം? വളരെ ലളിതമായും പ്രായോഗികമായും പറഞ്ഞാൽ സമാധാനം സ്ഥാപിക്കപ്പെടുന്നതുവരെ ഭിന്നതകളും വാളും യുദ്ധവും അസമാധാനവും സർവസാധാരണമാണ്. അങ്ങിനെയെങ്കിൽ സമാധാനം എങ്ങനെ സ്ഥാപിക്കപ്പെടും? അതിനായി എല്ലാ മനുഷ്യരിലും ‘സമാധാനത്തിന്റെ രാജകുമാരൻ’ തന്റെ മനുഷ്യാവതാരത്തിലൂടെ നല്കിയ സമാധാനത്തിന്റെ സുവിശേഷം ജീവിക്കണം!
എന്താണ് ഈ സമാധാനത്തിന്റെ സുവിശേഷം? ഒന്നാമതായി സകല മനുഷ്യരും അടിസ്ഥാനപരമായി പിതാവായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്. രണ്ടാമതായി സകല മനുഷ്യരും പിതാവായ ദൈവത്തിന്റെ മക്കളാണ്. മക്കളാണ് എന്നതുകൊണ്ടുതന്നെ പരസ്പരം സഹോദരീ സഹോദരന്മാരാണ്. മൂന്നാമതായി ദൈവമുഖം തന്നിലും അപരനിലും കണ്ട്, തന്നെത്തന്നെ യും അപരനെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക. സാർവത്രിക സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഈ സുവിശേഷം മനുഷ്യർക്കിടയിൽ നീതി നടപ്പിലാക്കാൻ പ്രേരിപ്പിക്കും.
ആരെയും ശിക്ഷിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന നീതിയല്ല, മറിച്ച് സകലരെയും കരുണയോടെ സ്നേഹിക്കുകയും സന്പത്തും സമയവും പങ്കുവയ്ക്കുകയും ചെയ്യുന്ന പാരസ്പര്യമുള്ള നീതി. ചെയ്യേണ്ടതും കൊടുക്കേണ്ടതും ചെയ്യേണ്ട സമയത്ത്, ചെയ്തുകൊടുക്കേണ്ടവർക്ക്, ചെയ്തു കൊടുക്കുന്ന പാരസ്പര്യമുള്ള നീതി നടപ്പിലാകുന്പോൾ സമാധാനം താനെ സംജാതമാകും. സാമൂഹിക ഉച്ഛനീചത്വങ്ങൾ ഇല്ലാത്ത, സമത്വമുള്ള സമൂഹം രൂപംകൊള്ളും. അത്തരം സമൂഹത്തിൽ സമഗ്രമായ ‘ഷാലോം’ സംജാതമാകും.
നീതിയില്ലാത്തിടത്ത് സമാധാനം അസാധ്യമാണ്. യുദ്ധങ്ങളുടെ കഥ നമ്മെ പഠിപ്പിക്കുന്നത് അനീതിയുടെയും അസമത്വത്തിന്റെയും ചരിത്രമാണ്. പിതാവായ ദൈവത്തിന്റെ മകനും മകളും സാർവത്രിക സാഹോദര്യം വെടിഞ്ഞ് അധികാരിയും അധീനനുമായി അടക്കിഭരിക്കപ്പെടുന്നതിന്റെ സാമൂഹിക പ്രതികരണമാണ് പലപ്പോഴും യുദ്ധങ്ങൾ.
സ്വാർഥലക്ഷ്യത്തോടെ സകല മനുഷ്യർക്കുമായി സ്രഷ്ടാവായ ദൈവം നല്കിയ ഭൂമിയെ സ്വന്തമാക്കിവയ്ക്കാനുള്ള ശ്രമത്തിലും യുദ്ധങ്ങൾ ഉണ്ടാകുന്നു. മനുഷ്യൻ പരസ്പരം നടത്തുന്ന ചൂഷണങ്ങളും വ്യക്തികളെ വസ്തുക്കളാക്കി വിൽക്കുന്നതും വിപ്ലവങ്ങൾക്കും യുദ്ധങ്ങൾക്കും കാരണമാകാറുണ്ട്.
സ്വന്തം അഹത്തെ (ego) വഴിവിട്ട രീതിയിൽ താലോലിക്കുന്നതും സംരക്ഷിക്കുന്നതും യുദ്ധങ്ങൾക്കും ഭിന്നതകൾക്കും കാരണമായിട്ടുണ്ട്. ‘സമാധാന രാജാവിന്റെ’ സുവിശേഷമാണ്, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനപരമായ സമത്വത്തിന്റെയും സനാതനമായ സന്ദേശമാണ് സമാധാന സംസ്ഥാപനത്തിനുള്ള ഏക പോംവഴി.
‘നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും’ (റോമാ 14:17) അനുഭവിക്കുന്ന ദൈവരാജ്യവും ഒപ്പം സമാധാനവും സ്ഥാപിക്കപ്പെടുവാൻ നമുക്ക് നല്ല മനസ് അനിവാര്യമാണ്. ‘സമാധാനത്തിന്റെ രാജകുമാരൻ’ ജനിച്ച സമയത്ത് മാലാഖമാർ പാടിയ കീർത്തനം നമുക്ക് ഓർക്കാം: ‘ഭൂമിയിൽ നല്ല മനസുള്ളവർക്ക് സമാധാനം’!!