വയനാട് പുനരധിവാസം; സര്‍ക്കാരിനുള്ള പ്രതിപക്ഷ പിന്തുണ പുനരാലോചിക്കേണ്ടിവരും: സതീശന്
Saturday, December 7, 2024 1:51 AM IST
കൊച്ചി: വയനാട് ദുരന്തത്തില്‍ ഗുരുതരമായ അലംഭാവമാണു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
പ്രത്യേക സഹായം വേണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടിട്ടും അനുകൂലമായ മറുപടിയല്ല ഉണ്ടായത്.
ഒരു പുനരധിവാസ പ്രവര്‍ത്തനവും വയനാട്ടില്‍ നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷം നല്കുന്ന പിന്തുണ പുനരാലോചിക്കേണ്ടിവരുമെന്നും സതീശന് പറഞ്ഞു.
കേന്ദ്രാനുമതി വാങ്ങിയാലും കെ റെയില്‍ അനുവദിക്കില്ല
കേന്ദ്രാനുമതി വാങ്ങി വന്നാലും കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. കെ റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും. കെ റെയില്‍ കൊണ്ടുവരാതെ തന്നെ വേഗം കൂടിയ ട്രെയിനുകള്‍ കേരളത്തില്‍ ഓടിക്കാന്‍ പറ്റും.
വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം കൊണ്ടുവരികയോ സമാന്തര പാളം നിര്‍മിക്കുകയോ ചെയ്യാം. കാലാവസ്ഥാവ്യതിയാനം മനസിലാക്കാതെ ഏതോ മൂന്നാംകിട കമ്പനിയെക്കൊണ്ടു തയാറാക്കിയ കെട്ടിച്ചമച്ച ഡിപിആറുമായാണ് സര്‍ക്കാര്‍ വന്നിരിക്കുന്നത്.-വി.ഡി.സതീശൻ ആരോപിച്ചു.
“വൈദ്യുതി നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളി”
വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം ബോർഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വർധനവിലൂടെ സാധാരണക്കാരായ ജനങ്ങൾക്കുമേൽ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുഃസഹമാക്കുന്ന വൈദ്യുതി ചാർജ് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയാറാകണം.
ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാരിനെതിരേ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നൽകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.