സ്മാർട്ട് സിറ്റി : നഷ്ടപരിഹാരത്തുക കണക്കാക്കുന്നത് പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നു ദുബായ് ആസ്ഥാനമായുള്ള ടീ കോമിനെ ഒഴിവാക്കുന്പോൾ നഷ്ടപരിഹാരത്തുക കണക്കാക്കുന്നത് പദ്ധതിക്കായി ഇതുവരെ പൂർത്തീകരിച്ച പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ.
കൊച്ചിയിൽ 88 ലക്ഷം ചതുരശ്ര അടിയിൽ കെട്ടിടം നിർമിക്കുമെന്നും 90,000 പേർക്കു തൊഴിൽ നൽകുമെന്നും പറഞ്ഞു വന്ന ടീകോമിന് 6.5 ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടം മാത്രമാണു നിർമിക്കാനായത്. ഇതിനു ചെലവായ തുക കണക്കാക്കാനാണ് ഇവാല്യുവേറ്ററെ നിയോഗിച്ചത്.
നഷ്ടപരിഹാരം നൽകാൻ കരാറിൽ വ്യവസ്ഥയില്ലെങ്കിലും നഷ്ടപരിഹാരം നൽകി ഒഴിവാക്കുന്നതിനു പിന്നിൽ ഒട്ടേറെ കാരണങ്ങളാണു സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന വാദമാണ് ലോകവ്യാപകമായി നിക്ഷേപകരെ ആകർഷിക്കാനായി പ്രചരിപ്പിക്കുന്നത്. ഇതിനിടയിൽ ദുബായിലെ കന്പനിയെ ഒഴിവാക്കുന്നതു നിയമപ്പോരാട്ടത്തിനൊപ്പം കേരളത്തിലേക്ക് നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും വിലങ്ങുതടിയാകുമെന്നാണു കണക്കാക്കുന്നത്. ഇതിനാലാണ് കരാറിൽ വ്യവസ്ഥയില്ലാതിരുന്നിട്ടും നൽകുന്നതെന്നാണ് സർക്കാർ പക്ഷം.
ഇതിനോടൊപ്പം ഇത്രയധികം നിർമാണ ജോലികൾ പൂർത്തിയാക്കിയ കന്പനിയെ ഒഴിവാക്കുന്പോൾ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടികളിലേക്കു നീങ്ങുന്നത് സർക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന പക്ഷവുമുണ്ട്.
ഇതേ തുടർന്നാണ് ടീകോമുമായി ചർച്ച നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകൽപ്പന ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ടീ കോമിനു നൽകേണ്ട നഷ്ടപരിഹാര ത്തുക കണക്കാക്കാൻ സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനാണു നിർദേശിച്ചത്. ഇതിനായി ഐടി മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് സിഇഒ, ടീകോം പ്രതിനിധിയായ ഡോ. ബാജൂ ജോർജ് എന്നിവരടങ്ങുന്ന സമിതിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്.
കാക്കനാട് ഇൻഫോപാർക്കിനോട് ചേർന്നാണ് സ്മാർട്ട്സിറ്റി ഐടി ടൗണ്ഷിപ്പ്. ഇതുവരെ വിവിധ വിഭാഗങ്ങളിലായി 37 കന്പനികളെ മാത്രമാണ് ഇവിടെ എത്തിക്കാനായത്. 2609 കോടി രൂപയുടെ നിക്ഷേപത്തിന് ഇതിനകം വഴിയൊരുക്കി. ഇതിൽ 1935 കോടി രൂപയുടെ നിർമാണം സർക്കാർ നേരിട്ട് കണ്ടെത്തിയ കോഡെവലപ്പർമാരുടേതായി വന്നതാണ്.
സ്ഥലം ഒഴിപ്പിക്കുന്പോൾ ഇതിനു സമീപത്ത് ലുലു ഗ്രൂപ്പിന്റേത് അടക്കമുള്ള സ്ഥാപനങ്ങൾ സമീപത്തു പ്രവർത്തിക്കുന്നുണ്ട്. ഇവരെ കൂടി ഉൾപ്പെടുത്തി ഒഴിപ്പിച്ചെടുക്കുന്ന സ്ഥലം കൈമാറാനാകും. ഇതുകൂടാതെ ഇൻഫോപാർക്കിലേക്ക് എത്താനായി രണ്ടു വർഷമായി നിരവധി കന്പനികൾ ക്യൂവിലാണെന്നും സർക്കാർ പറയുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഇവർക്കു കൂടി വീതിച്ചു നൽകുന്നതും സർക്കാർ ആലോചനയിലുണ്ടെന്നാണു വിവരം.