നടന് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: പീഡന പരാതിയില്‍ നടന് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ ചോദ്യം ചെയ്യലിനായി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മുന്‍പാകെ ഹാജരായിരുന്നു.
ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മകന് ഷഹീന് സിദ്ദിഖിനൊപ്പമാണ് സിദ്ദിഖ് ഇന്നലെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.
സുപ്രീംകോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നടനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി.
തുടര്‍ന്ന് കോടതി ഉപാധികളോടെ സിദ്ദിഖിന് ജാമ്യം അനുവദിക്കുകയായിരുന്നു. കേരളം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി അന്വേഷണത്തിനോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതി പരാതിക്കാരിയോ മറ്റ് കേസുമായി ബന്ധപ്പെട്ട് ആരെയോ കാണാന്‍ പാടില്ലെന്നും പരാതിക്കാരിയുമായി ഫോണിൽ ബന്ധപ്പടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
2016ല്‍ മസ്ക്കറ്റ് ഹോട്ടലില്‍വച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരേ പൊലീസ് കേസെടുത്തത്. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിന് ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്.