തടസം ദേശീയ ജൽജീവൻ മിഷന്റെ അനുമതി ലഭിക്കാത്തത്: വാട്ടർ അഥോറിറ്റി
Saturday, December 7, 2024 1:51 AM IST
കൊച്ചി: ജൽ ജീവൻ മിഷന്റെ ഭാഗമായി 2024 ഓഗസ്റ്റ് 16ന് ശേഷമുള്ള കരാറുകൾക്ക് വർക്ക് ഓർഡർ നൽകുന്നതിനുള്ള അനുമതി നാഷണൽ ജൽ ജീവൻ മിഷനിൽനിന്നു ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന വാട്ടർ അഥോറിറ്റി.
ഇതുമൂലം വിവിധ ജില്ലകളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച ചില പദ്ധതികളുടെ നിർമാണം കരാറുകാർക്ക് അനുവദിക്കാനായിട്ടില്ല. അനുമതി നൽകണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൽ ജീവൻ പദ്ധതി നിർമാണം പലഘട്ടങ്ങളായി സംസ്ഥാനമൊട്ടാകെ പുരോഗമിച്ചുവരികയാണ്. പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും വാട്ടർ അഥോറിറ്റി അറിയിച്ചു.
ഗ്രാമീണമേഖലയിൽ ആകെ 38.09 ലക്ഷം വീടുകളിലാണ് കുടിവെള്ള കണക്ഷനുള്ളത്. ഇതിൽ 20.60 കണക്ഷനുകൾ ജൽ ജീവൻ മിഷൻ വഴിയാണു നൽകിയത്.
തിരുവനന്തപുരം ജില്ലയിൽ 892 പാക്കേജുകളായാണു പദ്ധതി പ്രവർത്തനം പുരോഗമിക്കുന്നത്. ഇതിൽ 595 എണ്ണം പൂർത്തീകരിച്ചതും 185 എണ്ണം നിർമാണം നടക്കുന്നതുമാണ്. കാസർഗോഡ് ജില്ലയിൽ 47 എണ്ണം പൂർത്തിയാക്കി.