റേഷന്‍വിതരണ വെട്ടിപ്പിനു പൂട്ട്
Saturday, December 7, 2024 1:51 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: സംസ്ഥാനത്തെ ന്യായവില റേഷന്‍ ഷോപ്പുകളിലൂടെ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിലെ വെട്ടിപ്പു തടയാന്‍ കൂടുതല്‍ നടപടികളുമായി പൊതുവിതരണ വകുപ്പ്.
പതിവു പരിശോധനകള്‍ക്കും നടപടിക്രമങ്ങള്ക്കുമുപരിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റേഷന്‍ കാര്‍ഡുടമകളുടെ വീട്ടിലെത്തി ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ചു മൊഴി ശേഖരിച്ച് ഉന്നതോദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ടു ചെയ്യണമെന്നാണു പുതിയ നിര്‍ദേശം.
ന്യായവില ഷോപ്പുകളിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവിലും തൂക്കത്തിലും വെട്ടിപ്പു നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണു പുതിയ നടപടിക്രമം.
ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് വെട്ടിപ്പു തടയാന്‍ നടപടി സ്വീകരിക്കേണ്ടത്. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഓരോ മാസവും തങ്ങളുടെ അധികാരപരിധിയിലുള്ള അഞ്ചു റേഷന്‍ കാര്‍ഡുടമകളുടെ വീടുകള്‍ സന്ദര്‍ശിക്കണം.
റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ കൃത്യ അളവില്‍ ലഭിക്കുന്നുണ്ടോയെന്നതു സംബന്ധിച്ച ഗുണഭോക്താക്കളുടെ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി വാങ്ങണം.
റേഷന്‍ കടകളില്‍ മാത്രമല്ല, കടകളില്‍നിന്നു ഭക്ഷ്യസാധനങ്ങള്‍ വാങ്ങി പുറത്തേക്കു പോകുന്ന ഉപഭോക്താക്കളെ സമീപിച്ച് അവരുടെ കൈവശമുള്ള റേഷന്‍ ഭക്ഷ്യധാന്യം ബില്‍പ്രകാരമുള്ള അളവിലും തൂക്കത്തിലും ഉള്ളതാണോയെന്നു പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശമുണ്ട്. ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ ഭക്ഷ്യധാന്യ വിതരണത്തിലടക്കം നടക്കുന്ന ക്രമക്കേടുകള്‍ തടയിടാനുദേശിച്ചാണു പുതിയ നിര്‍ദേശങ്ങള്‍.
ബില്ലില്‍ രേഖപ്പെടുത്തിയ സാധനങ്ങള്‍ക്കു പകരം വേറെ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതും ഗുണഭോക്താക്കള്‍ക്കു ചില ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമില്ലെങ്കിലും അവരുടെ വിരലടയാളം പതിച്ച് ആ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതും ഇനി എളുപ്പമാകില്ല.