കൊച്ചി സ്മാർട്ട് സിറ്റി: സർക്കാർ തീരുമാനം വിവാദത്തിലേക്ക്
Friday, December 6, 2024 2:44 AM IST
തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീ കോമിനെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിലേക്ക്.
സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീ കോമിനെ ഒഴിവാക്കി പുതിയ കന്പനിയെ കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനു പിന്നിൽ കൊച്ചിയിലെ കോടികൾ വിലമതിക്കുന്ന ഭൂമി കച്ചവടമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
അതിനിടെ, കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നു സർക്കാർതന്നെ പറയുന്ന ടീ കോമിനെ പദ്ധതിയിൽനിന്നൊഴിവാക്കാൻ നഷ്ടപരിഹാരം നൽകാനുള്ള നീക്കം കരാർ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്ന വാദവും ഉയർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ 2007 മേയ് 13നാണ് ടീ കോമുമായി സ്മാർട്ട് സിറ്റി കരാർ ഒപ്പുവച്ചത്.
കരാർ പ്രകാരം പദ്ധതി പരാജയപ്പെട്ടാൽ ടീ കോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇപ്പോഴത്തെ സർക്കാരിന്റെ നീക്കം വഴിവിട്ടതാണെന്നാണ് പ്രധാന ആരോപണം.
ടീ കോമിന് സർക്കാർ ഒരു നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന് കരാർ ഒപ്പിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു പറഞ്ഞു. ടീകോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ജോസഫ് പറഞ്ഞു.
ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. 246 ഏക്കർ ഭൂമി സ്വന്തക്കാർക്കു നൽകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം അഴിമതിയാണെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും രംഗത്തെത്തി. പദ്ധതി പരാജയപ്പെട്ടത് ടീ കോമിന്റെ പിടിപ്പുകേടു മൂലമായതിനാൽ നഷ്ടപരിഹാരം നൽകേണ്ടത് ടീ കോമാണ്.
ടീ കോം വാഗ്ദാനലംഘനം നടത്തിയ കന്പനിയാണ്. ടീ കോം എംഡി ബാജു ജോർജിനെയും നഷ്ടപരിഹാരം നൽകാനുള്ള സമിതിയിൽ സർക്കാർ ഉൾപ്പെടുത്തി. ഏറ്റെടുക്കുന്ന 246 ഏക്കർ ഭൂമി ആർക്ക് കൈമാറുമെന്നത് അന്വേഷിക്കണമന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
റിയൽ എസ്റ്റേറ്റ് കച്ചവടമെന്ന്
ടീകോമും സർക്കാരും തമ്മിലുണ്ടാക്കിയ കരാർ റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നുവെന്ന ആരോപണവും ഉയരുന്നു. കൊച്ചി കാക്കനാട് സർക്കാർ ഏറ്റെടുത്തു നൽകിയ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീ കോമിന് കുത്തകപ്പാട്ടത്തിനു കൈമാറിയത്.
പകരമായി സർക്കാരിന് സംയുക്ത സംരഭത്തിൽ 16 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണ് ലഭിച്ചത്. ഭൂമി തിരിച്ചെടുത്ത് തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിൽ എന്തു നടപടിയാണ് സ്വീകരിക്കുകയെന്നു സർക്കാർ വ്യക്തമാക്കാത്തതിലും ദുരൂഹതയുണ്ടെന്നും ആരോപണമുയർന്നു.
പദ്ധതിക്കായി 12 ശതമാനം ഭൂമി സൗജന്യമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ നടപടികൾ വൈകിയതോടെയാണ് ടീംകോമിന്റെ താത്പര്യം കുറഞ്ഞതെന്നും ഇതാണ് 90,000 പേർക്കു തൊഴിൽ നൽകുമെന്ന പ്രഖ്യാപിച്ച പദ്ധതി പരാജയപ്പെടാൻ ഇടയാക്കിയതെന്നും വാദമുയരുന്നുണ്ട്.