രത്തൻ ഖേൽക്കർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Friday, December 6, 2024 2:44 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പദവി ഉപേക്ഷിച്ച് പ്രണബ് ജ്യോതിനാഥ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഒഡീഷയിലേക്കു പോയി.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയായതിനു പിന്നാലെയാണ് പ്രണബ് ജ്യോതിനാഥിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്തുനിന്നുള്ള മടക്കം. പകരം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി രത്തൻ യു. ഖേൽക്കറിനെ നിയമിച്ചു. അദ്ദേഹം ചുമതല ഏറ്റെടുത്തു.
ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രണബ് ജ്യോതിനാഥിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്. ഇതേസമയത്തു തന്നെ കേന്ദ്ര ഖനി മന്ത്രാലയത്തിനു കീഴിലുള്ള, ഒഡീഷ ഭുവനേശ്വറിലെ നാഷണൽ അലുമിനിയം കന്പനി ലിമിറ്റഡിലെ (നാൽകോ) ചീഫ് വിജിലൻസ് ഓഫീസറായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമനവും ലഭിച്ചിരുന്നു.
എന്നാൽ, സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കപ്പെടുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ഡലത്തിൽ വിവാദപ്പെരുമഴ പെയ്തിട്ടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന പ്രണബ് ജ്യോതിനാഥ് നടപടി സ്വീകരിക്കാതെ മിണ്ടാതിരുന്നത് വിവാദങ്ങൾക്കിടയാക്കി.
2003 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ യു. ഖേൽക്കർ നിലവിൽ ഐടി സെക്രട്ടറിയായിരുന്നു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ സിഇഒയുടെ ചുമതലയും വഹിച്ചു വരികയായിരുന്നു. കണ്ണൂർ കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.