പ്രവാസി വ്യവസായിയുടെ മരണം; മന്ത്രവാദിനിയും ഭര്‍ത്താവും സഹായികളും അറസ്റ്റില്‍
Friday, December 6, 2024 2:44 AM IST
കാസര്‍ഗോഡ്: പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കാട്ടെ എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ(55) മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ യുവതിയും ഭര്‍ത്താവും മന്ത്രവാദത്തിനു സഹായികളായ രണ്ടു സ്ത്രീകളും അടക്കം നാലുപേര്‍ അറസ്റ്റില്‍.
മധൂര്‍ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ് (38), ഭാര്യ ജിന്നുമ്മ എന്നറിയപ്പെടുന്ന ഉദുമ മാങ്ങാട് കൂളിക്കുന്നിലെ കെ.എച്ച്.ഷമീമ (38), മന്ത്രവാദത്തിന്റെ സഹായികളായ പൂച്ചക്കാട്ടെ പി.എം. അസ്നിഫ (34), മധൂര്‍ കൊല്യയിലെ എ. ആയിഷ (40) എന്നിവരെയാണ് ഡിസിആര്‍ബി ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍ക്കെതിരേ കൊലപാതകത്തിനും നാലാം പ്രതിക്കെതിരേ വധശ്രമത്തിനുമാണുകേസെടുത്തിരിക്കുന്നത്. ഇവര്‍ കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ വില്പന നടത്തിയ 29 പവന് സ്വര്‍ണവും കണ്ടെടുത്തു.
അബ്ദുള്‍ ഗഫൂറിന്റെ സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്നു വിശ്വസിപ്പിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തില്‍ പ്രതികള്‍ 2023 ഏപ്രില്‍ 13നു അബ്ദുള്‍ ഗഫൂറിന്റെ വീട്ടില്‍ വച്ച് ജിന്നിനെ ഒഴിവാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു. മന്ത്രവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മന്ത്രവാദത്തിന്റെ മറവില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ ചേര്‍ന്ന് ഗഫൂറിനെ കൊലപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.
2023 ഏപ്രില്‍ 13നു രാവിലെ ഭാര്യയെയും ഇളയ മകളെയും ഗഫൂര്‍ മേല്പറമ്പിലെ ഭാര്യയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിരുന്നു. ഉച്ചയോടെ ഗഫൂര്‍ വീട്ടിലേക്കു മടങ്ങിയെത്തി. അതിനാല്‍ വീട്ടില്‍ തനിച്ചായിരുന്നു. അന്നേദിവസം വൈകുന്നേരം അയല്പക്കത്തെ സഹോദരന്റെ വീട്ടില്‍നിന്നു നോമ്പുതുറ പലഹാരങ്ങള്‍ കൊടുത്തുവിട്ടിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഭക്ഷണസമയത്ത് ആളെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണു കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ അസ്വാഭാവികതയൊന്നും തോന്നാത്തതിനാല്‍ മൃതദേഹം പൂച്ചക്കാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
ഭാര്യയുടെയും മക്കളുടയും മരുമക്കളുടെയും സഹോദരങ്ങളുടേതുമായി പലപ്പോഴായി വാങ്ങിയ ഏകദേശം 596 പവന് സ്വര്‍ണാഭരണങ്ങള്‍ ഗഫൂര്‍ ഹാജിയുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ മരണശേഷം ഈ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ആഭരണങ്ങളൊന്നും പണയം വച്ചിട്ടില്ലെന്നു വ്യക്തമായി. സഹോദരങ്ങളായ ഷെരീഫ്, ഉസ്മാന്, അക്ബര്‍ എന്നിവര്‍ക്കൊപ്പം ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായി നാലു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഗഫൂര്‍ നടത്തിയിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകളോ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളോ ഗഫൂറിന് ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്നാണു ഗഫൂറുമായി അടുപ്പമുണ്ടായിരുന്ന മന്ത്രവാദിനി ഷമീമയിലേക്കു സംശയമുന നീളുന്നത്.
പിതാവിന്റെ മരണത്തിലും ആഭരണകവര്ച്ചയിലും ഷമീമയെയും ഭര്‍ത്താവ് ഉബൈസിനെയും സംശയമുണ്ടെന്ന് കാണിച്ച് ഗഫൂറിന്റെ മകന് ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്കി. തുടര്‍ന്നാണ് അന്വേഷണം പ്രത്യേകസംഘത്തെ ഏല്പിക്കുന്നത്.
2023 ഏപ്രില്‍ 27നു കബറിടത്തില്‍നിന്നു മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍, തലയുടെ പിറകില്‍ ഇടതുചെവിക്കു മുകളിലായി ഏറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു തെളിഞ്ഞു. തല ചുമരില്‍ പിടിച്ച് ഇടിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു പോലീസിന്റെ നിഗമനം.
ഗഫൂറിന്റെ മരണത്തിനുശേഷം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് വലിയ തോതില്‍ പണമെത്തിയെന്നും ഒറ്റദിവസം കൊണ്ടുതന്നെ എട്ടുലക്ഷം രൂപയുടെ കാര്‍ ലോണ്‍ അടച്ചുതീര്‍ത്തെന്നും പോലീസ് കണ്ടെത്തി. സാമ്പത്തിക കുറ്റകൃത്യം കൂടിയായതിനാല്‍ പ്രതികള്‍ക്കെതിരേ ഇഡിക്ക് ഡിവൈഎസ്പി പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്- ഒന്നിനു മുമ്പാകെ ഹാജരാക്കി. ബാക്കിയുള്ള സ്വര്‍ണാഭരണം കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. എസ്ഐമാരായ കെ.അജിത, പി.കെ.അജിത്, എഎസ്ഐമാരായ പി.സുഭാഷ്, കെ.ടി.എന്‍.സുരേഷ്, എസ്സിപിഒമാരായ എന്‍.വി.രഘു, പ്രവീണ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഹണിട്രാപ്പ്, ജയില്‍വാസം പിന്നെ മന്ത്രവാദം
ഹണിട്രാപ്പിലാണു ഷമീമയുടെ തുടക്കം. 2013ൽ ഷമീമ ചെറുവത്തൂര്‍ സ്വദേശിയായ യുവാവുമായി ഫോണ്‍ വഴി അടുപ്പത്തിലായി. യുവാവിനെ കാസര്‍ഗോട്ടെ ഒരു ലോഡ്ജിലെത്തിക്കുകയും ഭര്‍ത്താവ് ഉബൈസ് ഭീഷണിപ്പെടുത്തി മോതിരവും പഴ്സും വാച്ചും കവരുകയും വിവസ്ത്രനാക്കി ഷമീമയ്ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തു. ഫോട്ടോ പുറത്തുവിടാതിരിക്കണമെങ്കില്‍ 30 ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. യുവാവ് തന്റെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അയാളാണു കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്.
ഇതേത്തുടര്‍ന്ന് ഷമീമയും ഉബൈസും അറസ്റ്റിലാവുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. പിന്നീട് കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പായതോടെ ഇരുവരും ജയില്‍മോചിതരായി. അതിനകംതന്നെ നിരവധിപേര്‍ ഇവരുടെ ഹണിട്രാപ്പ് കുരുക്കില്‍ പെട്ടിരുന്നു. മാനക്കേട് ഭയന്ന് ആരും പരാതി നല്‍കിയില്ല.
പിന്നീട് മന്ത്രവാദത്തിലേക്കു തിരിഞ്ഞ ഷമീമയുടെ വളര്‍ച്ച അതിവേഗമായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ നിരവധി ഭവനങ്ങളില്‍ ആഭിചാരക്രിയകള്‍ നടത്തിയ ഷമീമ ജിന്നുമ്മ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചു.
സ്വര്‍ണം ഇരട്ടിപ്പിക്കല്‍, മന്ത്രവാദം, കൂടോത്രം എന്നിവയൊക്കെയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. പാതിരാത്രിയിലാണ് ഇവര്‍ കര്‍മങ്ങള്‍ നടത്തുക. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഗഫൂറുമായി അടുപ്പം സ്ഥാപിക്കുന്നത്. ഈയത്തകിടില്‍ തീര്‍ത്ത ആഭിചാരത്തകിടിന് ഇവര്‍ ഗഫൂറിന്റെ പക്കല്‍നിന്ന് 55,000 രൂപ ഈടാക്കിയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഷമീമ പത്താംക്ലാസില്‍ തോറ്റയാളാണ്. എട്ടാംക്ലാസാണ് ഭര്‍ത്താവ് ഉബൈസിന്റെ വിദ്യാഭ്യാസ യോഗ്യത. അസ്നിഫ നഴ്സറി അധ്യാപക ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആയിഷയുടെ വിദ്യാഭ്യാസയോഗ്യത ആറാംക്ലാസാണ്.
ഒറ്റദിവസംകൊണ്ട് കാര്‍ ലോണ്‍ അടച്ചുതീര്‍ത്തു!
ഷമീമയും ഭര്‍ത്താവ് ഉബൈസും കാര്‍ സ്വന്തമാക്കിയതും ഹണിട്രാപ്പിലൂടെ. ചട്ടഞ്ചാലിലെ ഒരു ബിസിനസുകാരനെയാണ് ഇവര്‍ കെണിയില്‍ പെടുത്തിയത്. വിവരം പുറത്തുപറയാതിരിക്കാന്‍ പുത്തന്‍ കാര്‍ ആയിരുന്നു ഇവരുടെ ആവശ്യം. നിവൃത്തിയില്ലാതെ ഇയാള്‍ ലോണെടുത്ത് തന്റെ പേരില്‍ മാരുതി ബ്രെസ കാര്‍ വാങ്ങി ഇവര്‍ക്കു നല്‍കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ പാപ്പരായതോടെ തിരിച്ചടവ് മുടങ്ങി. പിന്നീട് അബ്ദുള്‍ ഗഫൂറിന്റെ മരണത്തിനു തൊട്ടുപിന്നാലെയാണ് വായ്പയായ ഒമ്പതുലക്ഷം രൂപയും ഒറ്റദിവസം കൊണ്ട് ഇവര്‍ അടച്ചുതീര്‍ത്തത്.