കേന്ദ്രം പണം നൽകിയാലും ഇല്ലെങ്കിലും വയനാട് പുനരധിവാസം നടപ്പാക്കും: എം.വി. ഗോവിന്ദൻ
Friday, December 6, 2024 2:07 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പണം നൽകിയാലും ഇല്ലെങ്കിലും വയനാടു പുനരധിവാസം സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ചൂരൽമലയിൽ ഉണ്ടായത്. രാജ്യത്തു പോലും ഇത്തരമൊരു ദുരന്തം അപൂർവമായിട്ടേ ഉണ്ടായിട്ടുള്ളൂ. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചിട്ട് നാലു മാസം പിന്നിട്ടു.
എന്നിട്ടും കേന്ദ്രം കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതായി കാണുന്നില്ല. ഞങ്ങൾ ഓശാരമായോ ഔദാര്യമായോ അല്ല സഹായം ചോദിക്കുന്നതെന്നും കേരളത്തിന് അർഹതപ്പെട്ട സഹായമാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാടിനോടു കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരേ ഇടതുമുന്നണി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
കേരളത്തിനു മാത്രമാണു കേന്ദ്രം പണം തരാത്തത്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പുതിയ നിലപാടിനെ സ്വാഗതം ചെയ്യുന്നു. കേരളം ഇന്ത്യാ യൂണിയന്റെ ഭാഗമാണ്. ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സംസ്ഥാനങ്ങൾക്കു കഴിയണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തിനു ഫണ്ട് അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമാകും എന്നതിനാലുമാണു കേന്ദ്രം അത്തരത്തിൽ പ്രഖ്യാപിക്കാത്തതെന്നും ഗോവിന്ദൻ പറഞ്ഞു.