നെല്‍കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
Friday, December 6, 2024 2:07 AM IST
കൊച്ചി: നെല്ലിന്റെ താങ്ങുവിലയില്‍ സംസ്ഥാനവിഹിതം കുറച്ചത് കര്‍ഷകദ്രോഹ നടപടിയാണെന്നും സർക്കാർ കര്‍ഷക അവഗണന അവസാനിപ്പിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. കേരളത്തിലെ മാറി വരുന്ന കാലാവസ്ഥ നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ നെല്‍കൃഷിക്കായി പ്രത്യേക പാക്കേജ് തയാറാക്കണം.
കാലം തെറ്റി വരുന്ന മഴക്കാലം രണ്ടു കൃഷിയിറക്കുന്ന പാടങ്ങളില്‍ നെല്ല് നനഞ്ഞു കിളിര്ത്തുപോകുന്നതിനും പുഞ്ചക്കൃഷിക്ക് ഒരുക്കിയ അപ്പര്‍ കുട്ടനാടന്‍ പാടങ്ങളില്‍ മട വീഴുന്നതിനും കാരണമായിരിക്കുന്നു.
ഇന്‍ഷ്വറന്‍സ് പോലും ലഭിക്കാത്ത ഈ സാഹചര്യത്തില്‍ എത്രയും വേഗം സൗജന്യമായി വിത്തു വിതരണം ചെയ്യാനും നെല്ല് നനഞ്ഞും വെള്ളത്തില്‍ മുങ്ങിയും നാശം നേരിട്ടവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നൽകാനും സര്‍ക്കാര്‍ തയാറാകണം.
കേന്ദ്രം താങ്ങുവില കൂട്ടുമ്പോള്‍ കേരളത്തിന്റെ വിഹിതം കുറയ്ക്കുന്ന അവസ്ഥയായതിനാല്‍ നെല്ലിന് ദേശീയതലത്തില്‍ ഉണ്ടാകുന്ന വിലവര്‍ധന കേരളത്തില്‍ പ്രതിഫലിക്കുന്നില്ല.
നെല്ലിന്റെ വില കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതാക്കാനും പാടത്തിന്റെ പുറംബണ്ടിന് ബലം കൂട്ടാനും പ്രത്യേക പദ്ധതി തയാറാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. കെ.എം. ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, തോമസ് ആന്റണി, പീയുസ് പറേടം, ജോര്‍ജുകുട്ടി പുന്നക്കുഴി, ജേക്കബ് നിക്കോളാസ്, അഡ്വ. മനു വരാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.