എംപിമാരുടെയും എംഎൽഎമാരുടെയും കത്തുകൾ: സമയബന്ധിതമായി മറുപടി നൽകണമെന്ന് കർശന നിർദേശം
Friday, December 6, 2024 2:07 AM IST
തിരുവനന്തപുരം: എംപിമാരുടെയും എംഎൽഎമാരുടെയും കത്തുകൾക്കും നിവേദനങ്ങൾക്കും സമയബന്ധിതമായി മറുപടി നൽകണമെന്നു കർശന നിർദേശം നൽകി ചീഫ് സെക്രട്ടറിയുടെ സർക്കുലർ. ഇതു സംബന്ധിച്ച് മുന്പു പുറപ്പെടുവിച്ച സർക്കുലറുകൾ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണു പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പാർലമെന്റംഗങ്ങളിൽ നിന്നും നിയമസഭാംഗങ്ങളിൽ നിന്നും ലഭിക്കുന്ന കത്തുകൾക്ക് കൃത്യമായി മറുപടി നൽകണമെന്നു പല തവണ നിർദേശിച്ചിട്ടുണ്ടെങ്കിലും യഥാസമയം മറുപടി ലഭിക്കാത്ത പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. നിയമസഭയ്ക്കു സമയബന്ധിതമായി മറുപടി നൽകാത്തതിൽ സ്പീക്കറും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ.
ഓരോ വകുപ്പിലെയും തുടർനടപടി നിയമസഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാർ ശ്രദ്ധിക്കണം. പരാതികളിൽ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി വകുപ്പു സെക്രട്ടറിമാർ മാസ അവലോകനത്തിന്റെ ഭാഗമായി വിലയിരുത്തണം.
നിയമസഭാംഗങ്ങളുടെ കത്തുകൾ, പരാതികൾ സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ എല്ലാ മാസവും 10-ാം തീയതിക്കു മുന്പായി നോഡൽ ഓഫീസർമാർ പാർലമെന്ററികാര്യ വകുപ്പിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.