വിത്തുകുട്ടയില്‍ വില്പനയില്ല; ആര്‍ക്കുമെടുക്കാം, കൊടുക്കാം
Friday, December 6, 2024 2:07 AM IST
റെജി ജോസഫ്
കോട്ടയം: നാട്ടുചന്തയില്‍ കര്‍ഷകര്‍ ഒരുമിച്ചു കൂടുന്നതുപോലെയല്ല വിത്തുകുട്ടയ്ക്കു ചുറ്റും നാടൊന്നാകെ സംഗമിക്കുക. കമണ്ഡലു മുതല്‍ കടുക് വരെ നിരക്കുന്ന ജൈവവൈവിധ്യമാണ് വിത്തുകുട്ട. ഇവിടെ ഇഷ്ടമുള്ള വിത്തുകള്‍ കൊണ്ടുവയ്ക്കാം.
ഇഷ്ടമുള്ളത് ആര്‍ക്കും എടുക്കാം. നയാപൈസ കൊടുക്കുകയോ വാങ്ങുകയോ ചെയ്യാതെ വിത്തുകളും തൈകളും പങ്കുവയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന വിത്തുകുട്ട കൂട്ടായ്മ ഇതോടകം വിവിധയിടങ്ങളില്‍ 156 സംഗമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
പൂഞ്ഞാര്‍ ഭൂമിക സൊസൈറ്റി ആവിഷ്കരിച്ച വിത്തുകുട്ടയുടെ മുദ്രാവാക്യമാണ് പങ്കിടുക, പങ്കുവയ്ക്കുക.
പച്ചക്കറി, ഫലവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിയവയുടെ വിത്തുകളും തൈകളും വിവിധ നടീല്‍ വസ്തുക്കളുമാണ് വിത്തുകുട്ടയില്‍ നിക്ഷേപിച്ച് പരസ്പരം കൈമാറുന്നത്. ഒരു പൊതു ഇടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസം കൊണ്ടുവന്ന് പങ്കിടുന്നത് വിശേഷം തന്നെയാണ്.
ഒന്നും കൈമാറാന്‍ ഇല്ലാത്തവര്‍ക്കും വിത്തുകുട്ടയില്നിന്നു മടികൂടാതെ എടുക്കാം. അനാവശ്യമായും അധികമായും ആരും ഒന്നും എടുക്കില്ല. എന്നാല്‍ ആരും ആരെയും തടയില്ല, ചോദ്യം ചെയ്യില്ല.
സ്വന്തം വിത്തും തൈയും ആരാണ് നടാന്‍ കൊണ്ടുപോകുന്നതെന്നത് നോക്കി വയ്ക്കും. അത് കിളിര്‍ത്തോ ഫലമിട്ടോ എന്ന് ഇടയ്ക്കിടെ വിളിച്ചു ചോദിക്കും. അത്തരത്തില്‍ പുതുമയുള്ള കാര്‍ഷിക സൗഹൃദലോകം ഒരുക്കുകയാണ് ഭൂമിക.
അതാതു നാട്ടിലെ കര്‍ഷകര്‍ അവര്‍ക്കുള്ള ഫലവും വിത്തും തൈയുമൊക്കെയായി നിശ്ചിത ഇടത്ത് സംഗമിക്കും. കൊണ്ടുവരുന്ന ഇനം ഓരോരുത്തരും നിരത്തി അതിന്റെ വിശേഷങ്ങളും കൃഷിരീതിയും എല്ലാവരോടുമായി പറയും.
പാവല്‍, കോവല്‍, പയര്‍, പാവല്‍, അടതാപ്പ്, കാച്ചില്, ചേന, ചേമ്പ്, ചീനി, ചീര, തുവര, നനകിഴങ്ങ്, രുദ്രാക്ഷം എന്നുവേണ്ട നാടന്‍ മാങ്ങാ അണ്ടി മുതല്‍ ചക്കക്കുരു വരെ നൂറു കൂട്ടം ഇനങ്ങളായിരിക്കും വഴിയോരത്ത് നിരത്തുക. ചിലര്‍ കൂടകളില്‍ തൈ കിളിര്പ്പിച്ചുകൊണ്ടുവരും. കായിട്ട ചീനിമുളകും കാന്താരിയും കൂട്ടില്‍ വളര്‍ത്തി കൊണ്ടുവരുന്നവരുമുണ്ട്.
അപൂര്‍വ ഔഷധസസ്യങ്ങളും കൈമോശം വന്നതായി കരുതിയ കരുതുന്ന ഫലവൃക്ഷങ്ങളുമൊക്കെ അതില്‍ കാണും. ഒരിനം വിത്ത് കുറവെന്നു തോന്നിയാല്‍ കിട്ടാത്തവര്‍ക്ക് അത് എത്തിച്ചുകൊടുക്കാനും വേണ്ടിവന്നാല്‍ നട്ടുകൊടുക്കാനുമുള്ള ആത്മാര്‍ഥത.
നാട്ടില്‍ ഇത്രത്തോളം ഇനം കാച്ചിലും ചേമ്പും വാഴയുമൊക്കെ ഉണ്ടെന്ന് പലരും അറിയുന്നത് വിത്തുകുട്ടയ്ക്കു ചുറ്റും വട്ടം കൂടുമ്പോഴാണ്.
ജൈവവൈവിധ്യം സംരക്ഷിക്കുക, പ്രദേശിക ഭക്ഷണവൈവിധ്യം നിലനിര്‍ത്തി ഭക്ഷ്യസുഭിക്ഷത ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആറു വര്‍ഷം മുന്‍പ് ഭൂമിക വിത്തുകുട്ടയ്ക്ക് തുടക്കമിട്ടതെന്ന് സെക്രട്ടറി എബി ഇമ്മാനുവല്‍ പൂണ്ടിക്കുളം പറഞ്ഞു.