പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു
Friday, December 6, 2024 2:07 AM IST
പാലപ്പിള്ളി (തൃശൂർ): സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു. വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കും ആന്തരിക അവയങ്ങള്‍ക്കേറ്റ ക്ഷതവുമാണ് ആന ചരിയാന്‍ കാരണമെന്നാണു പ്രാഥമികനിഗമനം. കൃത്യമായി ശ്വാസംകിട്ടാത്ത അവസ്ഥയും ആനയ്ക്കുണ്ടായിരുന്നതായി ഡോക്ടര്‍ പറഞ്ഞു. ഏകദേശം അഞ്ചുവയസുള്ള കൊമ്പനാണു കുഴിയില്‍ വീണത്.
വനംവകുപ്പിലെ ഡോ. ഒ.ബി. മിഥുന് എത്തി നടത്തിയ പരിശോധനയിലാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. കരിങ്കല്‍ കെട്ടിയ ഇടുങ്ങിയ കുഴിയില്‍ വീണ ആനയെ രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറോളം ശ്രമം നടന്നിരുന്നു. ആനയുടെ പിന്കാലുകള് ചെളിയില്‍ താഴ്ന്നുപോയ നിലയിലായിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആനയെ സ്വകാര്യവ്യക്തിയുടെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണനിലയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ കണ്ടത്. കുഴിയുടെ മുകളിലേക്കു തലയും തുമ്പിക്കൈയും ഉയര്‍ത്തിയിരുന്ന ആന പിന്നീട് അവശനിലയിലാകുകയായിരുന്നു.
മണ്ണുമാന്തിയന്ത്രം എത്തിച്ച് കുഴിയിലെ കല്ലും മണ്ണും ചെളിയും നീക്കിത്തുടങ്ങിയപ്പോഴും ആന തുമ്പിക്കൈയും കാലുകളും അനക്കുന്നുണ്ടായിരുന്നു. പിന്കാലുകള് മണ്ണില്‍നിന്ന് ഉയര്‍ത്തി ആന സ്വയം എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെയാണ് അനക്കമില്ലാതെയായത്. പിന്നീട് ഡോക്ടര്‍ എത്തി പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ ആന ചരിഞ്ഞതിന്റെ കാരണം പറയാന്‍ കഴിയൂവെന്നു വനപാലകര്‍ അറിയിച്ചു. ആനയെ പാലപ്പിള്ളി വനാതിര്‍ത്തിയില്‍ സംസ്കരിക്കും. ചാലക്കുടി ഡിഎഫ്ഒ വെങ്കിടേശ്വര്, പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ രതീഷ്, വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പുലര്‍ച്ചെമുതല്‍ എലിക്കോട് പ്രദേശത്തു കാട്ടാനക്കൂട്ടം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന ആനയാണ് കുഴിയില്‍ വീണതെന്നു കരുതുന്നു. ആന കുഴിയില്‍ അകപ്പെട്ടശേഷം തൊട്ടടുത്തുള്ള റബര്‍ത്തോട്ടത്തില്‍ ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നു.