പൂജാ ബംപർ : ഒന്നാം സമ്മാനം ദിനേശ്കുമാറിന്
Friday, December 6, 2024 2:07 AM IST
കരുനാഗപ്പള്ളി: കേരള ലോട്ടറി പൂജാ ബംപർ നറുക്കെടുപ്പിൽ 12 കോടിയുടെ സമ്മാനം (ജെസി 325526) നേടിയത് കരുനാഗപ്പള്ളി തൊടിയൂർ കൊച്ചയ്യത്ത് വീട്ടിൽ ദിനേശ്കുമാർ. കൊല്ലത്ത് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ജയകുമാർ ലക്കി സെന്ററിൽനിന്നും വാങ്ങിയ പത്ത് ടിക്കറ്റിൽ ഒന്നിനാണ് സമ്മാനം അടിച്ചത്.
കുടുംബത്തോടൊപ്പം തൊടിയൂരുള്ള സുഹൃത്തിന്റെ വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കവേയാണ് താനെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് മനസിലായത്. വിവരം ഭാര്യയേയും ബന്ധുക്കളേയും അറിയിക്കാതെ രഹസ്യമാക്കി വയ്ക്കുകയായിരുന്നു ദിനേശ്.
വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഇന്നലെ രാവിലെയാണ് ഭാര്യയോട് ലോട്ടറി അടിച്ച വിവരം പറയുന്നത്. തുടർന്ന് ഭാര്യയും കുട്ടികളുമായി കൊല്ലത്തെ ലോട്ടറി വാങ്ങിയ കടയിൽ എത്തി സന്തോഷം പങ്കിട്ടു.
തൊടിയൂരിലെ വീട്ടിൽ ഫാമും സാമ്പത്തിക ഇടപാടുകളും നടത്തി വരുന്ന ദിനേശ് ബംപർ ലോട്ടറികൾ സ്ഥിരമായി എടുക്കുന്ന വ്യക്തിയാണ്. തൊടിയൂരിലെ ഫെഡറൽ ബാങ്കിൽ ടിക്കറ്റ് കൈമാറി. സമ്മാനത്തുകയായി 6.18 കോടി രൂപയാണ് ദിനേശിന് ലഭിക്കുക.
പണം ബാങ്കിൽ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, നിലവിലെ ബിസിനസുകൾ തുടരുമെന്നും ദിനേശ് പറഞ്ഞു. ലക്ഷ്മിയാണ് ഭാര്യ, നീരജ്, നിരഞ്ജന എന്നിവർ മക്കളും.