അക്ഷയകേന്ദ്രങ്ങള്‍ക്ക് സമാനമായി കര്‍ഷകര്‍ക്ക് ആശ്രയകേന്ദ്രം
Friday, December 6, 2024 2:06 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ഉറപ്പാക്കാന്‍ അക്ഷയ സെന്ററുകളുടെ മാതൃകയില്‍ കര്‍ഷക ആശ്രയ കേന്ദ്രങ്ങള്‍ വരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ സേവനങ്ങളും ഇതര സേവനങ്ങളും വേഗത്തില്‍ ലഭ്യമാക്കാനാണു ആശ്രയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കൊപ്പം വിളകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍, കൃഷിനാശം, വിളപരിപാലനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള സഹായവും സേവനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നു.
കൃഷിഭവനു കീഴില്‍ ഒരു കേന്ദ്രം എന്നതാണ് ലക്ഷ്യം. കംപ്യൂട്ടര്‍, ഇന്റർനെറ്റ് എന്നിവയില്‍ സാങ്കേതിക പരിജ്ഞാനമുള്ള സ്വകാര്യ വ്യക്തിക്ക് ആശ്രയ സെന്ററുകള്‍ ആരംഭിക്കാം. കൃഷിക്കൂട്ടം, കൃഷി സെന്റർ, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മ സേന തുടങ്ങിയവയുടെ നേതൃത്വത്തിലും ആശ്രയ ഡിജിറ്റല്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കും.
ആദ്യഘട്ടത്തില്‍ കാര്‍ഷിക പ്രാധാന്യമുള്ളതും ചെറുകിട കര്‍ഷകര്‍ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങാനാണ് തീരുമാനം. സേവനങ്ങള്‍ക്ക് അക്ഷയ സെന്ററിനു സമാനമായ ഫീസ് ഈടാക്കും. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് പ്രാദേശികമായി നിശ്ചയിക്കാനാണ് തീരുമാനം.
കൃഷിഭവന് പരിധിയില്‍ ലഭ്യമാകുന്ന എഐഎംഎസ് രജിസ്ട്രേഷന്, നെല്ല്, പച്ചത്തേങ്ങ, കൊപ്ര സംഭരണ രജിസ്ട്രേഷന്, സ്മാം രജിസ്ട്രേഷന് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ആശ്രയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. പ്രകൃതി ദുരന്തങ്ങളിലെ കാര്‍ഷിക നഷ്്ടങ്ങള്ക്കുള്ള സഹായങ്ങള്‍ക്കുള്ള അപേക്ഷകളും ആശ്രയയിലുടെയാകും നല്‍കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങള്‍ക്കും കര്‍ഷകരുടെ വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷന്‍ ആയിരിക്കും ഇത്തരം കേന്ദ്രങ്ങള്‍.
നിലവില്‍ കൃഷിവകുപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സഹകരണത്തില്‍ എഐഎംഎസ് പോര്‍ട്ടലിലൂടെയും കതിര് ആപ്പിലുടെയും കൃഷി സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നുണ്ട്.
കതിര് ആപ്പിലുടെ കര്‍ഷകര്‍ക്കു ഐഡി കാര്‍ഡ് നല്‍കുന്നതിനുള്ള രജിസ്ട്രേഷനും പുരോഗമിക്കുകയാണ്. കൃഷിവകുപ്പ് നേരിട്ടാണ് ആശ്രയകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.