ഐഎഫ്എഫ്കെ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് പായൽ കപാഡിയയ്ക്ക്
Friday, December 6, 2024 2:06 AM IST
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സംവിധായിക പായൽ കപാഡിയയ്ക്ക് സമ്മാനിക്കും.
അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നൽകിയാണ് ഇന്ത്യൻ സംവിധായികയും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവുമായ പായൽ കപാഡിയയെ ആദരിക്കുക. 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
ആദ്യ സംവിധാന സംരംഭത്തിന് കാൻ മേളയിൽ ഗ്രാന്റ് പ്രി നേടുന്ന ആദ്യ ഇന്ത്യൻ സംവിധായികയാണ് . നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച നടപടിക്കെതിരേ നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പായൽ സംവിധാനം ചെയ്ത ’എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ്’ 2021ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു.
ഈ ചിത്രത്തിന്റെ ആദ്യപ്രദർശനം കാൻ മേളയിലെ ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ് വിഭാഗത്തിലായിരുന്നു. ടോറേൻറാ ചലച്ചിത്രമേളയിൽ ആംപ്ളിഫൈ വോയ്സസ് അവാർഡും ഈ ഡോക്യുമെന്ററിക്ക് ലഭിക്കുകയുണ്ടായി.