ദിവസവും ആരോപണങ്ങൾ ശരിയല്ല: ടി.പി.രാമകൃഷ്ണൻ
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ എല്ലാ ദിവസവും ആരോപണങ്ങൾ ഉന്നയിക്കുന്നതു ശരിയല്ലെന്ന് ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണൻ.
അൻവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കും. അന്വേഷണ റിപ്പോർട്ടു വരുന്നതുവരെ കാത്തിരിക്കണം. എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതല്ല പ്രശ്നം. എന്തിനു കണ്ടൂവെന്നതാണു പ്രശ്നം.
കാണാൻ പാടില്ലെന്നു പറയാൻ കഴിയില്ല. തൃശൂർപൂരവുമായി ബന്ധപ്പെട്ട വിഷയമുണ്ട്. ഇത്തരത്തിലുള്ള ആരോപണം ശരിയാണെങ്കിൽ കടുത്ത നടപടി തന്നെ വരും. ഇക്കാര്യങ്ങളെല്ലാം സർക്കാർ ആലോചിക്കേണ്ട കാര്യമാണെന്നും മുന്നണി യോഗത്തിനു ശേഷം ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
അൻവർ എഴുതിക്കൊടുത്ത കാര്യങ്ങളെല്ലാം സർക്കാർ പരിശോധിക്കും. പി. ശശിക്കെതിരേ പരാതിയുണ്ടെങ്കിൽ അദ്ദേഹത്തിന് എഴുതിക്കൊടുക്കാം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പാർലമെന്ററി പാർട്ടിയിലെ ഒരു അംഗം മാത്രമാണ് അൻവർ. ബിജെപി നേതാവിനെ കണ്ടതുകൊണ്ടാണ് ഇ.പി. ജയരാജനെ മാറ്റിയതെന്നു പറയുന്നതു ശരിയല്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ആർഎസ്എസ് ഇന്ത്യയിലെ വലിയ സംഘടനയാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ പരാമർശത്തെ സംബന്ധിച്ച് ഇതായിരുന്നു മറുപടി- “ഷംസീർ സ്പീക്കറാണ്. അതു സ്വതന്ത്രപദവിയാണ്. അദ്ദേഹം എന്തുപറയണമെന്നത് അദ്ദേഹമാണു തീരുമാനിക്കേണ്ടത്.
സ്പീക്കർക്ക് അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ’’ എന്നാൽ ആർഎസ്എസിനോടു ശക്തമായ അഭിപ്രായവ്യത്യാസമുള്ള ഒരു പാർട്ടിയുടെ പ്രതിനിധിയാണു താനെന്നും മാധ്യമങ്ങളുടെ വിമർശനങ്ങളെ അതിന്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുമെന്നും രാമകൃഷ്ണൻ പറഞ്ഞു.