കെഎസ്യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച സിഐക്കു സ്ഥലംമാറ്റം
Tuesday, September 16, 2025 1:51 AM IST
തൃശൂർ: കെഎസ്യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാനെ സ്ഥലംമാറ്റി. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.
മുഖംമൂടി ധരിപ്പിച്ചും വിലങ്ങണിയിച്ചും കെഎസ്യു നേതാക്കളെ കോടതിയിൽ ഹാജരാക്കിയ നടപടിയിൽ ഷാജഹാനു വീഴ്ചപറ്റി എന്ന സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ റിപ്പോർട്ട് ലഭിച്ചയുടൻ ഷാജഹാനെ അടിയന്തരമായി പോലീസ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയശേഷമാണ് അച്ചടക്കനടപടിയുടെ ഭാഗമായി എസ്എച്ച്ഒ സ്ഥാനത്തുനിന്നു നീക്കിയത്.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്കാണു മാറ്റമെങ്കിലും ഇയാൾക്കു പുതിയ ചുമതലകൾ നൽകിയിട്ടില്ല.
ഒരുമാസം മുമ്പുനടന്ന എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കും ചില കെഎസ്യു പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഇതിനെതുടർന്നാണ് കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ, ജില്ലാ കമ്മിറ്റി അംഗം അൽഅമീൻ, കിള്ളിമംഗലം ആർട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.എ. അസ്ലം എന്നിവർക്കെതിരേ പോലീസ് കേസെടുത്ത് അറസ്റ്റുചെയ്തത്.
ഇവരെ മുഖംമൂടി ധരിപ്പിച്ചും വിലങ്ങണിയിച്ചും വടക്കാഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് ഹാജരാക്കിയതാണ് വിവാദമായത്. പോലീസ് നടപടിയെ കോടതി ചോദ്യംചെയ്യുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.