മദ്യലഹരിയിൽ മകൻ പിടിച്ചുതള്ളിയ പിതാവ് വീണു മരിച്ചു; മകൻ അറസ്റ്റിൽ
Tuesday, September 16, 2025 1:51 AM IST
വാടാനപ്പിള്ളി: മകൻ മദ്യലഹരിയിൽ പിടിച്ചുതള്ളിയതിനെത്തുടർന്ന് ചുമരിൽ തലയിടിച്ചുവീണ പിതാവ് മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ രാമു (71) ആണ് മരിച്ചത്. സംഭവത്തിൽ മകൻ രാഗേഷിനെ(35) വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒന്പതോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന രാഗേഷ് രാമുവുമായി വഴക്കിടുകയും പിടിച്ചുതള്ളുകയുമായിരുന്നു. രാഗേഷും രാമുവും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രാമുവിന്റെ ഭാര്യ ശകുന്തള കഴിഞ്ഞ മൂന്നുദിവസമായി ചാവക്കാട് മുത്തമ്മാവിലുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു.
സംഭവശേഷം രാഗേഷ് അമ്മയെ ഫോണിൽ വിളിച്ച് അച്ഛനുമായി വഴക്കിട്ടെന്നും പിടിച്ചുതള്ളിയപ്പോൾ ചുമരിൽ തലയിടിച്ചുവീണെന്നും അനക്കമില്ലെന്നും അറിയിച്ചു. ഉടൻ വീട്ടിലെത്തിയ ശകുന്തള രാമുവിനെ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
രാഗേഷ് നാലു ക്രിമിനൽകേസുകളിലെ പ്രതിയാണ്. വാടാനപ്പിള്ളി എസ്എച്ച്ഒ എൻ.ബി. ഷൈജു, എസ്ഐ മുഹമ്മദ് റാഫി, ജിഎസ്സിപിഒ സുരേഖ്, സിപിഒ അമൽ, റിഷാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.