റെയിൽവേ പ്ലാറ്റ്ഫോമിൽ തലയിടിച്ചുവീണ് യുവതിക്കു പരിക്ക്
Tuesday, September 16, 2025 1:51 AM IST
ഒറ്റപ്പാലം: ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ ശ്രമിച്ച യുവതിക്കു പ്ലാറ്റ്ഫോമിലേക്കു തലയിടിച്ചുവീണു പരിക്കേറ്റു. കോട്ടയം സ്വദേശിനി ക്രിസ്റ്റീന(25)യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലാണു സംഭവം. ബംഗളൂരുവിൽനിന്നു ഒറ്റപ്പാലത്തേക്കു യാത്രചെയ്യുകയായിരുന്ന യുവതി ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞില്ല. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് ഒറ്റപ്പാലം എത്തിയ കാര്യം മനസിലായത്.
നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്നു ധൃതിപിടിച്ച് ഇറങ്ങാനുള്ള ശ്രമത്തിനിടയിലാണ് പ്ലാറ്റ്ഫോമിലേക്കു വീണ് തലയ്ക്കു പരിക്കേറ്റത്. അബോധാവസ്ഥയിലായ യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബംഗളൂരുവിൽനിന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അമ്മയെ കാണാൻ എത്തിയതായിരുന്നു യുവതി.