വേഗത്തിൽ വന്ദേഭാരതിനെ പിന്നിലാക്കി നമോഭാരത് ട്രെയിൻ
Tuesday, September 16, 2025 1:51 AM IST
പരവൂർ (കൊല്ലം): വന്ദേഭാരതിനെ മറികടന്ന് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന റിക്കാർഡ് ഇനി നമോ ഭാരതിന് സ്വന്തം. ഡൽഹി - മീററ്റ് ഇടനാഴിയിലെ 55 കിലോമീറ്റർ സെഷനിൽ ഓടുന്ന നമോഭാരത് ട്രെയിനിന്റെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. രാജ്യത്ത് ഇത്രയും വേഗത്തിൽ മറ്റൊരു ട്രെയിനും ഓടുന്നില്ല. നമോ ഭാരതിന് 180 കിലോമീറ്റർ വരെ വേഗം കൈവരിക്കാനുമാകും.
ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ് എന്ന സെമി ഹൈസ്പീഡ് എക്സ്പ്രസ് ട്രെയിനുകൾ അവതരിപ്പിച്ചപ്പോഴും പരമാവധി വേഗം 160 കിലോമീറ്ററായിരുന്നു.
എന്നാൽ, 2024 ജൂൺ 24ന് പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെ വന്ദേഭാരതിന്റെ വേഗം 160ൽനിന്ന് 130 ആയി റെയിൽ മന്ത്രാലയം കുറച്ചു. സുരക്ഷാകാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ഇപ്പോൾ ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ഉടനീളമുള്ള എല്ലാ എക്സ്പ്രസ് ട്രെയിനുകളുടെയും പരമാവധി ഉയർന്ന വേഗം മണിക്കൂറിൽ 130 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.
കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിനും ഉത്തർപ്രദേശിലെ മീററ്റ് സൗത്തിനും മധ്യേ 11 സ്റ്റേഷനുകളിലായി സർവീസ് നടത്തുന്ന നമോഭാരത് ട്രെയിനുകൾക്ക് ആറ് കോച്ചുകൾ മാത്രമാണുള്ളത്. ഇവയിൽ ഒരു പ്രീമിയം കോച്ചും ഒരു ലേഡീസ് ഒൺലി കോച്ചും ഉൾപ്പെടും.
എല്ലാ കോച്ചുകളിലും വൈ-ഫൈ സംവിധാനം, പബ്ലിക് അഡ്രസ് സിസ്റ്റം, സിസിടിവി കാമറകൾ എന്നിവയുണ്ട്.ഓരോ 15 മിനിറ്റ് ഇടവേളകളിലായി 30 ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
സ്റ്റേഷനുകളിൽ നിർത്തി പുറപ്പെടുമ്പോൾ ഏതാനും സെക്കൻഡുകൾക്കുള്ളിൽ തന്നെ 160 കിലോമീറ്റർ വേഗം കൈവരിക്കാനാകും എന്നതാണ് നമോഭാരതിന്റെ സവിശേഷത. 2023 ഒക്ടോബർ 21 ന് ഈ ഇടനാഴിയിലെ 17 കിലോമീറ്റർ ദൈർഘ്യത്തിലാണ് നമോഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. പിന്നീടാണ് 55 കിലോമീറ്റർ ദൂരം കമ്മീഷൻ ചെയ്തത്.
ഈ റൂട്ടിൽ ഇതിനകം 1.5 കോടി ആൾക്കാർ നമോഭാരത് ട്രെയിനിൽ സഞ്ചരിച്ചതായാണ് കണക്ക്.തിങ്കൾ മുതൽ ശനി വരെ രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് സർവീസ്. ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതൽ രാത്രി പത്തുവരെയുമാണ് നമോഭാരത് ഓടുക.