അവയവദാന രംഗത്ത് പുതിയ പ്രതീക്ഷ ; 36 മണിക്കൂറിനിടെ രണ്ടു ഹൃദയമാറ്റ ശസ്ത്രക്രിയകൾ
Tuesday, September 16, 2025 1:51 AM IST
സിജോ പൈനാടത്ത്
കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം രോഗികൾക്കു പ്രതീക്ഷ പകർന്നു സംസ്ഥാനത്ത് അവയവദാന രംഗത്ത് ഉണർവ്. പോയവാരം മസ്തിഷ്ക മരണം സംഭവിച്ച രണ്ടു പേരുടെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തത് മരണാനന്തര അവയവദാന മേഖലയ്ക്കു പ്രചോദനം പകരുന്നതാണ്.
അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും മൂലം ഈ രംഗത്തു പ്രതിസന്ധി സൃഷ്ടിക്കപ്പെട്ട സംസ്ഥാനത്ത് അവയവത്തിനായി കാത്തിരുന്നിട്ടും കിട്ടാതെ മരിച്ചവരുമുണ്ട്.
അടിയന്തരമായി ഹൃദയം മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ച രണ്ടു കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ അവയവം ലഭിക്കാത്തതിനെത്തുടർന്നു മരിച്ചത്. മലപ്പുറത്തും കൊച്ചിയിലുമായിരുന്നു ഹൃദയദാതാവിനെ ലഭിക്കാത്തതിനെത്തുടർന്ന് രണ്ടു ജീവൻ നഷ്ടമായത്.
36 മണിക്കൂറിനിടയിലാണ് എറണാകുളം ലിസി ആശുപത്രിയിൽ രണ്ടു ഹൃദയമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്. വ്യത്യസ്ത അപകടങ്ങളിലായി മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോർജ് (33), അങ്കമാലി സ്വദേശി ബിൽജിത്ത് (18) എന്നിവരുടെ ഹൃദയങ്ങളാണ് ലിസിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർക്ക് പുതുജീവനായത്.
ഐസകിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിൻ ഏലിയാസി(28)ന്റെയും ബിൽജിത്തിന്റേതു കൊല്ലം അഞ്ചൽ സ്വദേശിനി ആവണി കൃഷ്ണ(13)യുടെയും ശരീരത്തിൽ ഇപ്പോൾ സ്പന്ദിക്കുന്നു.
മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു ഹൃദയം മാറ്റിവയ്ക്കൽ നടത്താനായത് ഈ രംഗത്തെ വലിയ മുന്നേറ്റമാണെന്ന് ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ഡോക്ടര് ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
സർക്കാർ സംവിധാനമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ) ആണ് അവയവദാനത്തിന്റെ എല്ലാ നടപടികളും സുതാര്യമായി ഏകോപിപ്പിക്കുന്നത്.
ലിസിയിൽ രണ്ടെണ്ണമുൾപ്പെടെ കേരളത്തിൽ ഈ വർഷം നടന്നത് മൂന്നു ഹൃദയംമാറ്റ ശസ്ത്രക്രിയകളാണ്. വൃക്കകൾ 24, കരൾ 12, പാൻക്രിയാസ് മൂന്ന് എന്നിങ്ങനെയാണ് ഈവർഷം സംസ്ഥാനത്തു നടന്ന അവയവദാനത്തിന്റെ എണ്ണമെന്ന് കെ സോട്ടോ അധികൃതർ അറിയിച്ചു.
അതേസമയം ഹൃദയം സ്വീകരിച്ച ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്നും തീവ്രപരിചരണ വിഭാഗത്തിലുള്ള ഇവരെ രണ്ടു ദിവസത്തിനകം മുറികളിലേക്കു മാറ്റുമെന്നും ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയ ഡോക്ടര് ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
ലിസി ആശുപത്രി ഡയറക്ടർ റവ.ഡോ. പോൾ കരേടനും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് ഡോ. പെരിയപ്പുറത്തെയും മറ്റു ഡോക്ടർമാരെയും ആദരിച്ചു. കാർഡിയോളജി വിഭാഗത്തിലെ ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് ജെ. തോമസ് എന്നിവരും പങ്കെടുത്തു.
ഹൃദയമാറ്റം 30
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ എറണാകുളം ലിസി ആശുപത്രിയിൽ ഇതുവരെ പൂർത്തിയാക്കിയത് 30 ഹൃദയമാറ്റ ശസ്ത്രക്രിയകൾ. കേരളത്തിൽ ഏറ്റവുമധികം ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടന്നതും ഇവിടെത്തന്നെ.
അതേസമയം ഹൃദയം മാറ്റിവയ്ക്കേണ്ട സ്ഥിതിയിലെത്തിയ രോഗികൾ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലുള്ളപ്പോഴും ദാതാക്കളെ കിട്ടാത്തതു വലിയ പ്രതിസന്ധിയായിരുന്നെന്ന് ഡോ. പെരിയപ്പുറം പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനുശേഷമാണ് ഇവിടെ ഹൃദയം മാറ്റിവയ്ക്കൽ നടന്നത്.
രാജ്യത്ത് ആദ്യമായി ഒരാളിൽ രണ്ടുതവണ വിജയകരമായി ഹൃദയം മാറ്റിവച്ചത് ലിസിയിൽ ഡോ. പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ്.
നന്ദിയോടെ ഹൃദയം സ്വീകരിച്ചവരുടെ കുടുംബങ്ങൾ
പുതുഹൃദയവുമായി പുതിയ ജീവിതത്തിലേക്കു ചുവടുവച്ച അജിനിന്റെയും ആവണിയുടെയും കുടുംബാംഗങ്ങൾക്കു വർഷങ്ങൾ നീണ്ട കാത്തിരിപ്പും അലച്ചിലും ഫലം കണ്ടതിന്റെ ആശ്വാസം. എറണാകുളം ലിസി ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ടുപേരുടെയും കുടുംബാംഗങ്ങൾ ഡോ. പെരിയപ്പുറത്തിനും മറ്റു ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും നന്ദി അറിയിച്ചു.
“രോഗിയായ മകളുമായി മൂന്നു വർഷമായുള്ള ഓട്ടമാണ് ഇപ്പോൾ വഴിത്തിരിവിലെത്തിയത്. ഇതിനായി ഒപ്പം നിന്നവരോടെല്ലാം വലിയ കടപ്പാടുണ്ട്”- ആവണിയുടെ മാതാപിതാക്കളായ സന്തോഷും സിന്ധുവും പറഞ്ഞു.
“കേരളത്തിൽ ഹൃദയം കിട്ടാൻ എളുപ്പമല്ലെന്നറിഞ്ഞ് ചെന്നൈയിലേക്കു പോകാനൊരുങ്ങിയതാണ്. ഡോ. പെരിയപ്പുറത്തിന്റെയും ടീമിന്റെയും നിസ്വാർഥമായ കരുതലും പരിചരണവുമാണ് കാര്യങ്ങൾ അനൂകൂലമാക്കിയത്. എല്ലാവരോടും നന്ദി’’- അജിനിന്റെ സഹോദരൻ അഖിലിന്റെ വാക്കുകൾ.