കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്തിയ മുഖ്യപ്രതി അറസ്റ്റിൽ
Tuesday, September 16, 2025 1:51 AM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി അറസ്റ്റിൽ. അത്താഴക്കുന്ന് ഫാത്തിമാസിൽ മജീഫിനെ (31) യാണ് കണ്ണൂർ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നിർദേശപ്രകാരം എസ്ഐ പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 24 ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുകയില ഉത്പന്നങ്ങൾ എറിഞ്ഞുകൊടുത്ത കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ മജീഫ്. സംഭവദിവസം പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നുവെങ്കിലും മജീഫും മറ്റൊരാളും രക്ഷപ്പെട്ടിരുന്നു. ഈ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽനിന്നു വരുന്നവരുടെ സ്വർണം തട്ടിയടുത്ത കേസ്, അടുത്ത നാളിൽ മയ്യിൽ പോലീസ് സ്റ്റേഷനിലുണ്ടായ ഒരു പിടിച്ചുപറിയടക്കം അഞ്ചു കേസിൽ പ്രതിയാണ് മജീഫ്.
സ്വർണം തട്ടിയെടുത്ത കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഇയാൾ തടവിൽ കഴിഞ്ഞിരുന്നു. ആ ബന്ധം ഉപയോഗിച്ചാണ് ഇയാൾ ലഹരി ഉത്പന്നങ്ങൾ ജയിലിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.