രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ വിവാഹ തീയതിയില്ല; പുതിയ സര്‍ട്ടിഫിക്കറ്റ് നല്കാന് കോടതി നിര്‍ദേശം
Tuesday, September 16, 2025 1:51 AM IST
കൊച്ചി: വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ വിവാഹ തീയതി രേഖപ്പെടുത്താതെ സല്കിയതിനാല് പുതിയ സര്‍ട്ടിഫിക്കറ്റ് നല്കാന് തദ്ദേശ സ്ഥാപനത്തിലെ വിവാഹ രജിസ്ട്രേഷന് ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.
ഓണ്‍ലൈന്‍ സോഫ്റ്റ്വേറില് നിന്ന് വിവാഹ തീയതി രേഖപ്പെടുത്താതെ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകൂവെന്ന അധികൃതരുടെ വാദം തള്ളിയാണ് ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്.
സര്‍ട്ടിഫിക്കറ്റ് നല്കാന് ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമായ പേള്‍ സോഫ്റ്റ്വേറിലെ അപാകതകള്‍ പരിഹരിക്കാന്‍ ധനകാര്യ സെക്രട്ടറിക്കും രജിസ്ട്രേഷന് ഐജിക്കും കോടതി നിര്‍ദേശവും നല്കി.
വിദേശത്ത് ജോലി ചെയ്യുന്ന ഹര്‍ജിക്കാരായ ദമ്പതികള്‍ ഹിന്ദു ആചാര പ്രകാരം 2022 ജൂലൈ പത്തിനാണ് വിവാഹിതരായത്. വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ പരിഗണിച്ച തൃക്കാക്കര നഗരസഭയിലെ രജിസ്ട്രാര്‍ ഒക്ടോബര്‍ ഒന്നിന് ആചാരപരമായി നടത്തിയ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും വിവാഹ തീയതി രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.