ഡ്രീം വൈബ്സ് ബാലസദസുമായി കുടുംബശ്രീ
Tuesday, September 16, 2025 1:51 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സാമൂഹിക വികസന പ്രവര്‍ത്തനങ്ങളിലും പ്രാദേശിക ഭരണത്തിലും കുട്ടികളുടെ പങ്കാളിത്തം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാനത്ത് ഡ്രീം വൈബ്സ് ബാലസദസ് നടത്തുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സാമൂഹിക വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസഭയുടെ ബാല പാര്‍ലമെന്റിനു മുന്നോടിയായിട്ടാണ് എല്ലാ ജില്ലകളിലെയും വാര്‍ഡുകളില്‍ ഡ്രീം വൈബ്സ് ബാലസദസ് കൂടുന്നത്. സിഡിഎസ് തലത്തില്‍ നടത്തുന്ന ബാലസദസ് ബാലസഭ സംഗമങ്ങള്‍ ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് നടക്കും.
കുട്ടികള്‍ക്ക് സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള വേദിയൊരുക്കാനും സമൂഹത്തെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കാനും അതിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിയാനും ഇതിലൂടെ സാധിക്കും.
കുട്ടികള്‍ക്ക് അവരുടെ ആശയങ്ങള്‍ കഥ, കവിത, പോസ്റ്റര്‍, റീല്‍സ്, വീഡിയോ തുടങ്ങി അനുയോജ്യമായ ഏതു മാധ്യമത്തിലൂടെയും അവതരിപ്പിക്കാം. ബാലസഭകളിലാകും ഇതു തയാറാക്കി അവതരിപ്പിക്കുക. അതിനുശേഷം എല്ലാ തദ്ദേശസ്ഥാപനത്തിലും കുട്ടികളുടെ ആശയങ്ങളുടെ ക്രോഡീകരിച്ച രേഖ എഴുതിത്തയാറാക്കി ഒക്ടോബര്‍ രണ്ടിന് പ്രസിദ്ധീകരിക്കും.
മാലിന്യസംസ്കരണം, ശിശുസൗഹൃദ ഗ്രാമം, ഭിന്നശേഷി, വയോജന സൗഹൃദ ഗ്രാമം, തുടങ്ങി കുട്ടികള്‍ക്ക് ഒരുമിച്ചു കൂടിയിരുന്നു ചര്‍ച്ച ചെയ്തു തങ്ങളുടെ ഗ്രാമത്തിന്റെ വികസനത്തെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവയ്ക്കാം. ഇത് ഒക്ടോബര്‍ രണ്ടിന് തദ്ദേശസ്ഥാപന തലത്തിലെ സംഗമത്തില്‍ അവതരിപ്പിക്കും.
ഈ വികസനരേഖ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കു കൈമാറുകയും അതിലൂടെ പ്രാദേശിക സാമൂഹിക വികസന പ്രക്രിയയില്‍ പങ്കാളികളാകുന്നതിന് കുട്ടികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുമെന്ന് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബി. ശ്രീജിത്ത് പറഞ്ഞു.