സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുനമ്പം ഭൂസംരക്ഷണ സമിതി
Tuesday, September 16, 2025 1:51 AM IST
വൈപ്പിൻ: വഖഫ് നിയമഭേദഗതിക്കെതിരേയുള്ള ഹർജികളിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് മുനമ്പം ഭൂസംരക്ഷണ സമിതി സ്വാഗതം ചെയ്തു.
സുപ്രീംകോടതിയുടെ വിധിയോടെ നിയമതടസങ്ങൾ മാറിയിരിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി കേന്ദ്രസർക്കാർ ചട്ടങ്ങൾ രൂപീകരിച്ച് കാലതാമസമില്ലാതെ മുനമ്പം തീരജനതയുടെ പ്രശ്നം പരിഹരിക്കണമെന്ന് ഭൂ സംരക്ഷണസമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമമനുസരിച്ച് ഇതുവരെ ചട്ടങ്ങൾ രൂപീകരിക്കാൻ സാധിക്കാതിരുന്നത് സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കേസുകളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ട്രൈബ്യൂണലിൽ നടന്നുകൊണ്ടിരിക്കുന്ന കേസ് 610 കുടുംബങ്ങൾക്കു നോട്ടീസ് നൽകാതെയും സർവേ നടത്താതെയും ഗസറ്റിൽ പ്രസിദ്ധപ്പെടുത്താതെയും നിയമവിരുദ്ധമായി ഇവരുടെ ഭൂമി വഖഫ് രജിസ്റ്ററിൽ എഴുതിയെടുത്തത് സംബന്ധിച്ചുള്ളതു മാത്രമാണെന്നും ഫാ. ആന്റണി സേവ്യർ വ്യക്തമാക്കി.