ദന്പതികളുടെ ഹണിട്രാപ്പ് ; കൂടുതൽ പേർ ഇരയായെന്നു സംശയം
Tuesday, September 16, 2025 1:51 AM IST
കോഴഞ്ചേരി: കോയിപ്രം പുല്ലാട് കുറവന്‍കുഴി ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളുടെ സ്വഭാവ രീതികള്‍ ദുരൂഹം.
അതിക്രൂര മര്‍ദനം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് പോലീസിനു നല്കിയ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മർദനമേറ്റ ആലപ്പുഴ സ്വദേശിയെ ഇന്നലെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
സൈക്കോപാത്ത് മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. പുല്ലാട് കുറവന്‍കുഴി ആന്താലിമണ്ണ് കള്ളിപ്പാറയിൽ ജയേഷ് രാജപ്പന് (30), ഭാര്യ രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലായ ഇരുവരെയും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
റാന്നി സ്വദേശിയായ 29 കാരനു നേരിട്ട ക്രൂരമര്‍ദനത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനിടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശി 19 കാരനും മര്‍ദനമേറ്റ വിവരം അറിഞ്ഞു. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
പോലീസ് തയറാക്കിയ എഫ്ഐആറില്‍ ക്രൂര കൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. കഴിഞ്ഞ ഒന്നിനാണ് ആലപ്പുഴ സ്വദേശിയെ കോയിപ്രത്തെവീട്ടിലേക്ക് ജയേഷ് വിളിച്ചുവരുത്തി മർദിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇയാളെ തെളിവെടുപ്പിനായി പോലീസ് കള്ളിപ്പാറയിലെ വീട്ടിലെത്തിച്ചു. തെളിവെടുപ്പ് രാത്രിയിലും തുടർന്നു.
തിരുവോണദിവസം പുല്ലാട് കുറവന്‍കുഴിയിലെ വീട്ടിലെത്തിയ റാന്നി സ്വദേശിയായ യുവാവിനെ കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ പിന് അടിച്ചതായും കണ്ടെത്തി. നഖത്തില്‍ മൊട്ടുസൂചി തറച്ചും പ്ലെയർ കൊണ്ട് നഖം പിഴുതെറിഞ്ഞതും രശ്മിയാണെന്ന് പറയുന്നു.
രശ്മിയാണ് ഇയാളെ ഇത്തരത്തിൽ പീഡിപ്പിച്ചത്. കമ്പികൊണ്ട് തുടരെ അടിച്ചും ഇതിനിടെ മുറിവില്‍ മുളക് സ്പ്രേ ചെയ്തും പീഡിപ്പിച്ചു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്.
വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. മർദനത്തിനിരയായ യുവാക്കളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. റാന്നി സ്വദേശിയെ ഓട്ടോറികഷക്കാർ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യഥാർഥ വിവരം ഇയാൾ മറച്ചുവയ്ക്കുകയായിരുന്നു.
റാന്നി, ആലപ്പുഴ സ്വദേശികൾക്ക് ജയേഷും രശ്മിയുമായി മുൻ പരിചയമുള്ളതാണ്. ജയേഷുമായി ബംഗളൂരുവിൽ ഇവർ ഒന്നിച്ച് ജോലിയെടുത്തിട്ടുണ്ട്. രശ്മിയുമായി ഇവർക്ക് വഴിവിട്ട സംശയമുണ്ടെന്ന പേരിലാണ് ക്രൂരമർദനം നടത്തിയതെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾക്ക് പോലീസ് തയാറായിട്ടില്ല.
ഇതിനിടെ കൂടുതൽപേർ ദന്പതികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് സൂചന. രശ്മിയുടെ ഫോണിൽ നിന്ന് അഞ്ച് വീഡിയോ ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ജയേഷിന്റെ ഫോണിലെ രഹസ്യഫോൾഡർ തുറക്കാനുള്ള ശ്രമം നടക്കുകയാണ്. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ കോയിപ്രം, ആറന്മുള എസ്എച്ച്ഒമാർഅടങ്ങുന്ന സംഘം തുടരന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.