വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് നിയമസഭ
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ വേർപാടിലൂടെ കേരളത്തിന്റെ സാമൂഹിക - രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് തിരശീല വീണതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയിൽ ചരമോപചാര പ്രസംഗത്തിലാണ് മുഖ്യമന്ത്രി വി.എസിനെ അനുസ്മരിച്ചത്. വിഎസ് ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകളും വരും തലമുറകൾക്കു പ്രചോദനവുമാകും.
പൊതുപ്രവർത്തകൻ എന്നതിൽ ഉപരി കേരള ചരിത്രത്തിലെ പല സുപ്രധാന ഏടുകളെയും വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടിയായിരുന്നു വി എസ്. നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവ് തുടങ്ങി പല നിലകളിൽ വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരു സാധാരണ തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വി. എസ്. മാറിയതിനു പിന്നിൽ സഹനത്തിന്റെയും യാതനയുടെയും അതിജീവനത്തിന്റെയും നിരവധിയായ ഏടുകളുണ്ട്.
കർഷകത്തൊഴിലാളി പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ വിഎസ് വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാഴൂർ സോമൻ എംഎൽഎ, മുൻ മന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന പി.പി തങ്കച്ചൻ എന്നിവർക്കും ചരമോപചാരം അർപ്പിച്ചു.
കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ വി.എസ്. അച്യുതാനന്ദന്റെ ജീവിതവും സാധാരണക്കാരോടുള്ള ഇടപെടലുകളും അദ്ദേഹത്തെ മികച്ച രാഷ്ട്രീയ നേതാവാക്കി വളർത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയമായി അദ്ദഹത്തിന്റെ പല നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നു.
ചില കാര്യങ്ങളിൽ യോജിപ്പുമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഭൂമി പ്രശ്നങ്ങളിലും ലോട്ടറി വിഷയങ്ങളിലും അദ്ദേഹം പ്രതിപക്ഷത്തിനൊപ്പമായിരുന്നു. എച്ച്എംടി, തോഷിബ-ആനന്ദ് ഭൂമി വിഷയങ്ങളിലും അദ്ദേഹം പ്രതിപക്ഷത്തിനൊപ്പമായിരുന്നു. ലോട്ടറി മാഫിയയെ കുറിച്ചുള്ള ആരോപണം പ്രതിപക്ഷം ഉയർത്തിയപ്പോൾ 80,000 കോടി രൂപ നാല് വർഷം കൊണ്ട് കടത്തിയെന്ന വിഖ്യാതമായ പ്രസ്താവന നടത്തി അദ്ദേഹം പ്രതിപക്ഷത്തിനൊപ്പം ചേർന്നു. ഭരണത്തിൽ ഇരിക്കുന്പോഴും അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രതിപക്ഷ മനോഭാവമുണ്ടായിരുന്നു.
പാരിസ്ഥിതിക, ഭൂ പ്രശ്നങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങളുടെ വിഷയങ്ങളിലുമെല്ലാം ജീവിതാനുഭവങ്ങൾ രൂപപ്പെടുത്തിയെടുത്ത ചില അഭിപ്രായങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ വ്യത്യസ്ത രാഷ്ട്രീയ നേതാവാക്കി മാറ്റിയത്.
കേരളം എന്നും ഓർത്തുവയ്ക്കുന്ന, ഹൃദയത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സമുന്നതനായ രാഷ്ട്രീയ നേതാവുമാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വൂഴൂർ, സോമൻ, പിപി തങ്കച്ചൻ എന്നിവർക്കും പ്രതിപക്ഷ നേതാവ് ചരമോപചാരം അർപ്പിച്ചു. കക്ഷി നേതാക്കളും ചരമോപചാര പ്രസംഗങ്ങൾ നടത്തി.