പുഷ്ബാക് സീറ്റും എസിയും കുറഞ്ഞ നിരക്കും, പ്രീമിയം സർവീസുമായി കെഎസ്ആർടിസി
Wednesday, May 22, 2024 12:51 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രീമിയം സർവീസുകൾ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് പരിസരത്തുനിന്നു തന്പാനൂർ വരെ ബസ് ഓടിച്ചാണ് ഗണേഷ് കുമാർ പ്രീമിയം സർവീസ് ഉദ്ഘാടനം ചെയ്തത്.
സൂപ്പർ ഫാസ്റ്റ് ബസുകളിൽ എസിയില്ലെന്ന യാത്രക്കാരുടെ പരിഭവം മാറ്റുകയാണ് കെഎസ്ആർടിസി എന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
പുഷ്ബാക് സീറ്റും എസിയും തന്നെയാണ് പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ ഹൈലൈറ്റ്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെ നീളുന്നതാണ് സർവീസ്. ആദ്യഘട്ടത്തിൽ കൊച്ചി വരെയാണ് ട്രയൽ സർവീസ്.
തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-പാലക്കാട് റൂട്ടുകളാണ് ആദ്യപരിഗണനയിലുള്ളത്. കെഎസ്ആർടിസി പ്രീമിയം എന്ന കാറ്റഗറിയിലുള്ളതാണ് ബസ്. സൂപ്പർ ഫാസ്റ്റിനു മുകളിലും എക്സ്പ്രസിനു താഴെയുമുള്ള ടിക്കറ്റ് നിരക്കായിരിക്കും.
എല്ലാ സീറ്റുകളിലും മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. നിശ്ചിത അളവിൽ വൈഫൈ സൗകര്യവും ഒരുക്കും. കൂടുതൽ ഡേറ്റ ആവശ്യമുള്ളവർക്ക് പണം അടച്ച് വാങ്ങാം. ലഘുഭക്ഷണം, കുടിവെള്ളം എന്നിവ പണം കൊടുത്തു വാങ്ങുന്നതിനും സൗകര്യമുണ്ടാകും.
വണ്ടി കണ്ടീഷനാണെന്ന് ട്രയൽ റണ്ണിനു ശേഷം മന്ത്രി പറഞ്ഞു. 36-38 ലക്ഷം രൂപയാണ് ബസിന്റെ വില. കൂടുതൽ സൗകര്യങ്ങൾ വരുന്പോൾ കൂടുതൽ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ. മിനിമം ചാർജ് 43 രൂപയാണ്.
എറണാകുളം വരെ 361 രൂപയാണ് ടിക്കറ്റ് ചാർജ്. സൂക്ഷിച്ച് ഓടിക്കണമെന്നു ഗണേഷ് കുമാർ ഡ്രൈവർമാരോട് നിർദേശിച്ചു. യാത്രക്കാർക്ക് ഒരു കാര്യവുമില്ലാതെ ബസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിനു ശ്രമിക്കും.
വഴിയിൽ ഡ്രൈവർക്ക് ഗൂഗിൾ ലൊക്കേഷൻ ഇട്ടുകൊടുത്താൽ അവിടെ നിർത്തി യാത്രക്കാരനെ കയറ്റുന്നിതിനുള്ള സൗകര്യമുണ്ടാക്കും. ഇതിനായി 20 രൂപ അധികമായി യാത്രക്കാരനിൽനിന്ന് ഈടാക്കും. ഓണത്തോടു കൂടി പ്രീമിയം സർവീസുകൾ ശക്തിപ്പെടുത്തുന്നതിനാണ് തയാറെടുക്കുന്നത്.