രണ്ട് ബിബിഎ വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു
Thursday, April 11, 2024 3:05 AM IST
തലയോലപ്പറമ്പ്: രണ്ടു വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ മൂത്തേടത്ത് മോഹനന്റെ മകൻ വൈഷ്ണവ് (21), എടക്കാട്ടുവയൽ അഴകത്തൂർ മൂലേടത്ത് വേണുഗോപാലിന്റെ മകൻ ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണു മരിച്ചത്.
വൈക്കം വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് സ്രാങ്കുഴി കട്ടിംഗിനു സമീപം ഇന്നലെ പുലർച്ചെ 12.45ന് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്.
ലോക്കോ പൈലറ്റ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ട്രാക്കിലൂടെ നടന്നു പോകുമ്പോൾ പിന്നിൽ നിന്നെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.
രണ്ട് ട്രാക്കാണ് ഇവിടെയുള്ളത്. ഇടതു വശത്തെ ട്രാക്കിലൂടെ 90 കിലോമിറ്റർ വേഗത്തിലാണ് ട്രെയിൻ എത്തിയതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ഏറ്റുമാനൂർ മംഗളം കോളജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥികളാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഉച്ചകഴിഞ്ഞ് 3.30 ഓടെ വീടുകളിലെത്തിച്ചു.
വൈകുന്നേരം നാലിനു വൈഷ്ണവിന്റെയും അഞ്ചിന് ജിഷ്ണുവിന്റെയും സംസ്കാരം വീട്ടുവളപ്പിൽ നടത്തി. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വൈഷ്ണവിന്റെ മാതാവ്: സിനി. ജിഷ്ണുവിന്റെ മാതാവ്: ദീപ്തി. സഹോദരൻ: വിഷ്ണു.