കടുവ കൂട്ടിലായി; ആശ്വാസത്തോടെ പനവല്ലി നിവാസികളും വനസേനയും
Wednesday, September 27, 2023 6:17 AM IST
മാനന്തവാടി: ഒന്നര മാസത്തിലധികമായി തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലും സമീപങ്ങളിലും ഭീതി പരത്തിയ കടുവ കൂട്ടിലായി. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട ആദണ്ടയില്‍ ഇരസഹിതം സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ രാത്രി 8.15നാണ് കടുവ അകപ്പെട്ടത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവായതനുസരിച്ച് മയക്കുവെടിവച്ചു പിടിക്കാന്‍ വനസേന ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടുവ കൂട്ടിലായത്. ഇതോടെ പനവല്ലിയിലും പരിസരങ്ങളിലും താമസിക്കുന്നവര്‍ക്കും വനസേനയ്ക്കും ആശ്വാസമായി.
കടുവയെ പിടിക്കുന്നതിന് ആദണ്ടയ്ക്കു പുറമേ നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ സര്‍വാണി, പുഴക്കര എന്നിവിടങ്ങളിലും ഒരാഴ്ച മുമ്പ് കൂട് വച്ചിരുന്നു. ഇതു വൃഥാവിലാകുകയും പുഴക്കരയില്‍ രാത്രി നായയെ പിന്തുടര്ന്നെത്തിയ കടുവ വീട്ടില്‍ പാഞ്ഞുകയറുകയും ചെയ്ത സാഹചര്യത്തിലാണ് മയക്കുവെടിവച്ച് പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഞായറാഴ്ച ഉത്തരവിറക്കിയത്. ഇതേത്തുടര്‍ന്നു കടുവയെ കണ്ടെത്തി മയക്കുവെടി പ്രയോഗിക്കുന്നതിനു വനസേന തിങ്കളാഴ്ച രാവിലെയാണു ശ്രമം ആരംഭിച്ചത്.
വിജിലന്‍സ് വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബുവിന്റെ മേല്‍നോട്ടത്തില്‍ ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ. രാഗേഷിന്റെയും പേരിയ റേഞ്ച് ഓഫീസര്‍ കെ. ആസിഫിന്റെയും നേതൃത്വത്തില്‍ 42 അംഗ സംഘവും മുത്തങ്ങ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘവും വെവ്വേറെ ഇന്നലെ പകല്‍ പനവല്ലി എമ്മടി, തോല്‍പ്പെട്ടി വനാതിര്‍ത്തി, സര്‍വാണി റസല്കുന്നിനോടു ചേര്‍ന്ന വനം എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കാണാനായില്ല.
സന്ധ്യയോടെ നിര്‍ത്തിവച്ച തെരച്ചില്‍ ഇന്നു രാവിലെ പുനഃരാരംഭിക്കാനിരിക്കെയാണ് കടുവ കൂട്ടിലായത്. കടുവയെ രാത്രി സുല്‍ത്താന്‍ ബത്തേരി കുപ്പാടിക്കടുത്ത് പച്ചാടിയിലുള്ള വന്യമൃഗ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് നിരീക്ഷണത്തിനുശേഷം തുടര്‍നടപടി സ്വീകരിക്കും. പനവല്ലിയിലും പരിസരങ്ങളിലും നിരന്തരം ശല്യം ചെയ്ത കടുവതന്നെയാണ് കൂട്ടിലായതെന്ന് വനസേന സ്ഥിരീകരിച്ചിട്ടുണ്ട്.