വി. മുരളീധരനെ കേന്ദ്ര നേതാക്കൾ തിരുത്തണമെന്നു കെ.എൻ. ബാലഗോപാൽ
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: ഭരണഘടനാപരമായ സ്ഥാനത്തിരുന്നു രാഷ്ട്രീയമായി കേന്ദ്ര- സംസ്ഥാന സാന്പത്തിക കാര്യങ്ങളെ വിലയിരുത്തുന്ന കേന്ദ്രമന്ത്രി വി. മുരളീധരനെ, കേന്ദ്രത്തിലെ ഉന്നത നേതാക്കൾ തിരുത്തണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിനെതിരേ പ്രവർത്തിക്കാനാണോ അദ്ദേഹം കേന്ദ്രമന്ത്രിസഭാംഗമായി ഇരിക്കുന്നത്.
പറയാൻ പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞത്. 1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ഒരു വർഷത്തെ ചെലവ്. മൂന്നുശതമാനം കടമെടുക്കാനാകും. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയുമായി ബന്ധപ്പെട്ടു വെട്ടിക്കുറവുണ്ടായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം വി. മുരളീധരൻ പറഞ്ഞത്.
സംസ്ഥാനങ്ങൾക്ക് നൽകേണ്ട കണക്കുകൾ സംസ്ഥാനങ്ങൾക്ക് അയച്ചു നൽകാതെ, ഇപ്പോൾ കേന്ദ്ര സഹമന്ത്രിക്ക് രഹസ്യമായി അയച്ചുകൊടുക്കുന്നു എന്നാണോ മനസിലാക്കേണ്ടത്.