ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സ് അവസാന ഘട്ട സ്പോട്ട് അലോട്ട്മെന്റ്
Saturday, September 24, 2022 12:48 AM IST
തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സ് സീറ്റുകളിലേക്ക് പ്രവേശനത്തിന് ഉള്ള അവസാന ഘട്ട സ്പോട്ട് അലോട്ട്മെന്റ് തിരുവനന്തപുരം പാളയത്തുള്ള എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഹെഡ് ഓഫീസിൽ 27ന് നടക്കും. രാവിലെ 10 മുതൽ 11 വരെ എൽബിഎസ് ഹെഡ് ഓഫീസിൽ ആണ് രജിസ്ട്രേഷൻ.
അന്നേ ദിവസം രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സ്പോട്ട് അലോട്ട്മെന്റിന് പരിഗണിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യുന്നവരുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ തുടർന്ന് അലോട്ട്മെന്റ് നടത്തും. പ്രോസ്പെക്ട്സ് പ്രകാരം പ്രവേശന യോഗ്യത നേടിയവർക്ക് മാത്രമേ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
അലോട്ട്മെന്റ് ലഭിക്കുന്നവർ അന്ന് തന്നെ ടോക്കൺ ഫീസ് അടയ്ക്കണം. ഒരു കോളജിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് ആ കോളജിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടെങ്കിൽ മാത്രമേ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. അലോട്ട്മെന്റ് ലഭിച്ചവർ 29ന് വൈകുന്നേരം നാലിനു മുമ്പ് അതതു കോളജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2324396, 2560327.