സ്കൂൾസമയം രാവിലെ എട്ടുമുതൽ ആക്കണമെന്ന് ഖാദർ കമ്മിറ്റി ശിപാർശ
Friday, September 23, 2022 12:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ നിലവിലുള്ള സമയം മാറ്റുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിർദേശിച്ച് ഡോ. എം.എ. ഖാദർ കമ്മിറ്റിയുടെ രണ്ടാം ഘട്ട റിപ്പോർട്ട്.
സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കുന്നത് രാവിലെ എട്ടുമുതൽ ആയാൽ അഭികാമ്യമെന്ന നിലപാടാണ് കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. സാമൂഹികമായ ചർച്ചകളിലൂടെ ഉണ്ടാകുന്ന സമവായത്തിന്റെ അടിസ്ഥാനത്തിലാകണം സമയമാറ്റം നടപ്പാക്കേണ്ടതെന്നും ഇവർ അഭിപ്രായപ്പെടുന്നു.
അധ്യാപക ജോലിക്കായി പരിശീലിക്കുന്നവർക്ക് നിലവിലുള്ള പ്രീപ്രൈമറി. ടിടിസി, ബിഎഡ് എന്നിവയ്ക്കു പകരമായി പ്ലസ് ടു കഴിഞ്ഞ് അഞ്ചുവർഷത്തെ സംയോജിത പിജി കോഴ്സ് നടപ്പാക്കണം. ഇതിനുശേഷം ഏതെങ്കിലും വിഷയത്തിൽ പ്രത്യേക പരിശീലനം വേണമെങ്കിൽ അത് ഓരോ ഉദ്യോഗാർഥിക്കും തെരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കണം.
നിലവിലുള്ള ഉത്തരക്കടലാസ് മൂല്യനിർണയ രീതിയിൽ കാതലായ മാറ്റം വേണമെന്ന അഭിപ്രായമാണ് കമ്മിറ്റി മുന്നോട്ടുവച്ചത്. മൂല്യനിർണയം എന്നതിൽ നിന്നും വിലയിരുത്തൽ എന്ന സങ്കല്പത്തിലേക്ക് മാറണം.
പരീക്ഷപ്പേടിയിൽനിന്നു വിദ്യാർഥികളെ മോചിപ്പിച്ചാൽ മാത്രമേ വിദ്യാഭ്യാസപരിവർത്തനം സാധ്യമാകുകയുള്ളൂവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. തൊഴിൽവിദ്യാഭ്യാസം നിർബന്ധമായും ലഭ്യമാക്കാനുള്ള അവസരമൊരുക്കണം.
ഇന്നലെ നല്കിയ രണ്ടാംഭാഗം റിപ്പോർട്ടിൽ അക്കാദമിക കാര്യങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ഡോ. എം.എ. ഖാദർ ചെയർമാനായുള്ള മൂന്നംഗ കമ്മിറ്റിയിൽ നിയമവകുപ്പിൽനിന്ന് സ്പെഷൽ സെക്രട്ടറിയായി വിരമിച്ച. ജി. ജ്യോതിചൂഢൻ, ഡോ. സി.രാമകൃഷ്ണൻ എന്നിവരാണ് മറ്റംഗങ്ങൾ. കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.