യുവേഫ ചാന്പ്യൻസ് ലീഗ് : ഇന്റർ മിലാൻ x മാഞ്ചസ്റ്റർ സിറ്റി പോരാട്ടം ഇന്ന്
Saturday, June 10, 2023 12:14 AM IST
ഇസ്താംബുൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടപോരാട്ടം രാത്രിയിൽ. തുർക്കിയിലെ ഇസ്താംബുളിൽ ഇന്ത്യൻ സമയം രാത്രി 12.30നാണു കിക്കോഫ്. ഇറ്റാലിയൻ ടീമായ ഇന്റർ മിലാനും ഇംഗ്ലീഷ് സംഘമായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണു കിരീടപോരാട്ടം. പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി 2022-23 സീസണിലെ മൂന്നാം കിരീടത്തിനായാണു കളത്തിലെത്തുന്നത്.
യുവേഫ ചാന്പ്യൻസ് ലീഗിൽ കന്നിക്കിരീടത്തിനായാണു മാഞ്ചസ്റ്റർ സിറ്റി കളത്തിലെത്തുന്നത്. 2020-21 സീസണിൽ ഫൈനലിൽ പ്രവേശിച്ചതാണു സിറ്റിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 1969-70ൽ കപ്പ് വിന്നേഴ്സ് കപ്പ് സ്വന്തമാക്കിയതു മാത്രമാണു മാഞ്ചസ്റ്റർ സിറ്റിയുടെ ഏക യൂറോപ്യൻ കിരീടം.
മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും ഒരു ചാന്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. 2005നു ശേഷം ആദ്യമായാണ് ഇംഗ്ലീഷ് ഇറ്റാലിയൻ ടീമുകൾ ചാന്പ്യൻസ് ലീഗ് ഫൈനലിൽ കൊന്പുകോർക്കുന്നത്.
യുവേഫ ചാന്പ്യൻസ് ലീഗിൽ ഇന്റർ മിലാൻ മുന്പ് മൂന്നു തവണ ചാന്പ്യന്മാരായിട്ടുണ്ട്. ഹൊസെ മൗറീഞ്ഞോയുടെ ശിക്ഷണത്തിൽ 2009-10 സീസണിലാണ് ഇന്റർ അവസാനമായി യൂറോപ്പിന്റെ അധിപന്മാരായത്. 1963-64, 1964-65 സീസണുകളിലും ഇന്റർ മിലാൻ യൂറോപ്യൻ ചാന്പ്യന്മാരായിട്ടുണ്ട്.
ഇംഗ്ലീഷ് ടീമുകൾക്കെതിരേ ഇറ്റാലിയൻ ടീമുകൾ ഫൈനൽ കളിച്ചതിൽ ഇതുവരെ ജയം നേടിയിട്ടില്ലെന്നതും ചരിത്രം. ഇംഗ്ലീഷ് ടീമായ ലിവർപൂളാണ് ഇറ്റാലിയൻ ടീമുകളായ എഎസ് റോമ, എസി മിലാൻ (രണ്ട് തവണ), യുവന്റസ് എന്നിവയ്ക്കെതിരേ നാല് പ്രാവശ്യം ഫൈനലിൽ ജയിച്ചത്.