മഴക്കളി; ഐപിഎൽ ഫൈനൽ ഇന്ന്
Monday, May 29, 2023 12:40 AM IST
അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം മഴമൂലം മാറ്റി. വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നതെങ്കിലും കനത്ത മഴയെത്തുടർന്നു ടോസിടാൻ പോലും കഴിഞ്ഞില്ല. രാത്രി ഒന്പതോടെ മഴ ശമിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം വീണ്ടും ശക്തമായി. ഇതോടെ പിച്ച് വീണ്ടും മൂടി.
തുടർന്ന് 11ഓടെ മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റിസർവ് ദിനമായ ഇന്ന് 7.30ന് ഫൈനൽ നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഫൈനലിന്റെ വേദി. ഇന്നും അഹമ്മദാബാദിൽ മഴ പെയ്തേക്കുമെന്നാണു പ്രവചനം. അങ്ങനെയെങ്കിൽ സൂപ്പർ ഓവർ സാധ്യതയും പരിഗണിച്ചേക്കും.