ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഫൈനൽ
Sunday, May 28, 2023 2:11 AM IST
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കലാശക്കൊട്ട്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടും. വൈകുന്നേരം 7.30 മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു മത്സരം. ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നൈ ഫൈനൽ ഉറപ്പിച്ചപ്പോൾ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തിയാണു ഗുജറാത്ത് ഫൈനലിൽ കടന്നത്.
പിച്ച് കളിക്കുമോ?
ഒന്നാം ക്വാളിഫയറിൽ ടൈറ്റൻസിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ചെന്നൈക്കുണ്ടെന്നു തീർച്ച. എന്നാൽ, ചെന്നൈയിലെ പിച്ചല്ല അഹമ്മദാബാദിലേത്. ഐപിഎല്ലിൽ ഇതുവരെ ഇരുടീമുകളും നേർക്കുനേർ വന്ന നാലിൽ മൂന്നു മത്സരങ്ങളും ടൈറ്റൻസ് വിജയിച്ചു. ഏറ്റവും ഒടുവിൽ നടന്ന ക്വാളിഫയറിൽ മാത്രമാണു ചെന്നൈ വിജയിച്ചത്.
അതേസമയം, ഫൈനൽ കണക്കുകൾ ചെന്നൈക്ക് അനുകൂലമാണ്. ഏറ്റവും കൂടുതൽ തവണ ഫൈനലിലെത്തിയതിന്റെ റിക്കാർഡുള്ള ചെന്നൈ, പത്തിൽ നാലുവട്ടം കിരീടം നേടി. കന്നി ഐപിഎൽ സീസണിൽ കിരീടം നേടിയ ഗുജറാത്തിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്.
ധോണിക്കൊരു കപ്പ്
ഈ ഐപിഎല്ലോടെ വിരമിച്ചേക്കുമെന്നു കരുതുന്ന നായകൻ എം.എസ്. ധോണിക്കായി വിജയത്തിൽ കുറഞ്ഞതൊന്നും ചെന്നൈ ലക്ഷ്യമിടുന്നില്ല. 19 വർഷം മുന്‍പ് ധോണി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്പോൾ നാലു വയസുകാരനായിരുന്ന ശുഭ്മൻ ഗില്ലാണ്, ഇന്ന് ചെന്നൈക്കു മുന്നിലുള്ള ഏറ്റവും വലിയ കടന്പ. മൂന്നു സെഞ്ചുറി ഉൾപ്പെടെ തകർപ്പൻ ഫോമിലാണു ഗിൽ.
ദീപക് ചാഹറിന്റെ സ്വിംഗ്, രവീന്ദ്ര ജഡേജയുടെ വിക്കറ്റ്-ടു-വിക്കറ്റ് ബൗളിംഗ്, മോയിൻ അലി, മതീശ പതിരണ- ഗില്ലിനെ കുരുക്കാൻ ചെന്നൈ തന്ത്രം മെനയുകയാണ്. ഡെവണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ ഓപ്പണിംഗിനൊപ്പം അജിൻക്യ രഹാനെ, ശിവം ദുബെ എന്നിവരുടെ തട്ടുപൊളിപ്പൻ ബാറ്റിംഗ് കൂടിയാകുന്പോൾ ചെന്നൈയുടെ പ്രതീക്ഷകൾ വർധിക്കും.
കിടയറ്റ ബൗളിംഗ് കാഴ്ചവയ്ക്കുന്ന ഷമി, റഷീദ് ഖാൻ, മോഹിത് ശർമ കൂട്ടുകെട്ടിലാണു ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയുടെ പ്രതീക്ഷ (ഗില്ലിനെ മാറ്റിനിർത്തിയാൽ). കാരണം, 325 റണ്‍സ് നേടിയ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറർ; അതായത്, ഗില്ലിന്റെ 851 റണ്‍സിനേക്കാൾ അഞ്ഞൂറിലേറെ റണ്‍സ് കുറവ്. ഫോമിലല്ലെങ്കിലും ഓപ്പണിംഗിൽനിന്നു വൃദ്ധിമാൻ സാഹയെ മാറ്റുന്നതിനെക്കുറിച്ച് ഗുജറാത്ത് ചിന്തിച്ചേക്കില്ല.
ടീം ഇവരിൽനിന്ന്
ഗുജറാത്ത്: ഹാർദിക് പാണ്ഡ്യ (നായകൻ), ശുഭ്മൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വേഡ്, റഷീദ് ഖാൻ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാംഗ്വാൻ, ദർശൻ നൽകണ്ഡെ, ജയന്ത് യാദവ്, ആർ. സായ് കിഷോർ, നൂർ അഹമ്മദ്, ദസുൻ ഷനക, ഒഡയ്ൻ സ്മിത്ത്, കെ.എസ്. ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ.
ചെന്ന: മഹേന്ദ്ര സിംഗ് ധോണി (നായകൻ), ഡെവണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ്, അന്പാട്ടി റായിഡു, മോയിൻ അലി, രവീന്ദ്ര ജഡേജ, അജിൻക്യ രഹാനെ, സിസന്ദ മഗല, ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, അജയ് മണ്ഡൽ, നിശാന്ത് സിന്ധു, മിച്ചൽ സാന്റ്നർ, സുബ്രാൻശു സേനാപതി, സിമർജീത് സിംഗ്, മതീശ പതിരണ, മഹേഷ് തീക്ഷണ, ഭഗത് വർമ, പ്രശാന്ത് സോളങ്കി, ഷെയ്ഖ് റഷീദ്, തുഷാർ ദേശ്പാണ്ഡെ.
കോടിക്കിലുക്കം
ഐപിഎൽ ഫൈനൽ കളിക്കുന്ന ടീമുകൾക്ക് 46.5 കോടി രൂപയാണ് ആകെ സമ്മാനത്തുക; വിജയിക്ക് 20 കോടിയും റണ്ണറപ്പിന് 13 കോടിയും. മൂന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിസ് ഏഴു കോടി രൂപയും നാലാം സ്ഥാനത്തെത്തിയ ലക്നോ സൂപ്പർ ജയന്റ്സിന് 6.5 കോടി രൂപയും ലഭിക്കും.
ഏറ്റവും കൂടുതൽ റണ്‍സ് നേടി ഓറഞ്ച് ക്യാപ് നേടുന്ന കളിക്കാരനും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ് നേടുന്ന കളിക്കാരനും 15 ലക്ഷവും എമേർജിംഗ് പ്ലെയർക്ക് 20 ലക്ഷവും ഏറ്റവും മൂല്യമുള്ള കളിക്കാരന് 12 ലക്ഷവുമാണു സമ്മാനത്തുക. പവർ പ്ലെയർ ഓഫ് ദി സീസണ്, സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസണ് എന്നിവർക്ക് യഥാക്രമം 15 ലക്ഷം രൂപയും 12 ലക്ഷം രൂപയും ലഭിക്കും.
അതേസമയം, ഐപിഎൽ-ഡബ്ല്യുപിഎൽ മീഡിയ റൈറ്റ്സ്, രണ്ട് ഐപിഎൽ-അഞ്ച് ഡബ്ള്യുപിഎൽ ടീമുകളുടെ വിൽപ്പന എന്നിവയിലൂടെ സീസണിൽ 66,000 കോടി രൂപ ബിസിസിഐ പോക്കറ്റിലാക്കിയിട്ടുണ്ട്.
ഗില്ലാടിവീര്യം
ഐപിഎൽ സീസണിലെ റണ്‍വേട്ടക്കാരിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മാൻ ഗില്ലാണു മുന്നിൽ; 16 കളികളിൽ 851 റണ്‍സ്. മൂന്നു സെഞ്ചുറികളും നാല് അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്. ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസാണു രണ്ടാമത് (730 റണ്‍സ്).
ആർസിബിയുടെ തന്നെ വിരാട് കോഹ്ലി 639 റണ്‍സ് നേടി മൂന്നാം സ്ഥാനത്തുണ്ട്. രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാൾ (625), ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഡെവോണ്‍ കോണ്‍വേ (625) എന്നിവരാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
വിക്കറ്റ് വേട്ടയിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആധിപത്യമാണ്. 28 വിക്കറ്റുമായി മുഹമ്മദ് ഷമി, 27 വിക്കറ്റുമായി റഷീദ് ഖാൻ, 24 വിക്കറ്റ് നേടി മോഹിത് ശർമ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
22 വിക്കറ്റുമായി മുംബൈ താരം പിയൂഷ് ചൗള നാലാമതും 21 വിക്കറ്റുമായി രാജസ്ഥാൻ റോയൽസിന്റെ യുസ്വേന്ദ്ര ചാഹൽ അഞ്ചാമതും നിൽക്കുന്നു.
സമാസമം
അഹമ്മദാബാദിൽ 26 ഐപിഎൽ മത്സരങ്ങളാണ് നടന്നത്. 13 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീമും 13 കളികളിൽ രണ്ടാമതു ബാറ്റ് ചെയ്ത ടീമും വിജയിച്ചു. ഗുജറാത്ത് മുംബൈക്കെതിരേ നേടിയ 233 റണ്‍സാണു വേദിയിലെ ഉയർന്ന സ്കോർ. 2014ൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാൻ റോയൽസ് 104 റണ്‍സിനു പുറത്തായതാണു കുറഞ്ഞ സ്കോർ.
വർണശബളം
ഫൈനലിനു മുന്‍പ് വൻ താരനിര ഉൾപ്പെടുന്ന കലാപരിപാടികളാണു നടക്കുക. പ്രശസ്ത റാപ്പറും ഡിജെയുമായ ന്യൂക്ലിയ, ഗായകരായ ഡിവൈൻ, ജോനിത ഗാന്ധി, ബോളിവുഡ് നടൻ രണ്‍വീർ സിംഗ്, എ.ആർ. റഹ്മാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പരിപാടി അവതരിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ. വൈകുന്നേരം ആറിനുശേഷമാകും പരിപാടികൾ
ആരംഭിക്കുക.