വനിതാ ബോക്സിംഗ് ലോകകപ്പിൽ ഇന്ത്യക്ക് ഇരട്ട സ്വർണം
Sunday, March 26, 2023 1:25 AM IST
ന്യൂഡൽഹി: ബോക്സിംഗ് റിംഗിൽ ഇന്ത്യൻ പെണ്കൊടികളുടെ സുവർണ ഇടി. വനിതാ ബോക്സിംഗ് ലോകകപ്പിൽ ഇന്ത്യയുടെ നിതു ഗംഘാസും സവീതി ബോറയും സ്വർണം ഇടിച്ചിട്ടു. 48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗംഘാസ് മംഗോളിയയുടെ ലുസ്താഖാൻ അൽറ്റാസെറ്റ്സെന്നിനെ 5-0ന് ഫൈനലിൽ തറപറ്റിച്ചാണു സ്വർണമണിഞ്ഞത്.
അതേസമയം, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനയുടെ വാംഗ് ലിനയെ 4-3നു തോൽപ്പിച്ച് 81 കിലോഗ്രാം വിഭാഗത്തിൽ സവീതി ബോറ സ്വർണം കരസ്ഥമാക്കി. ഇന്ത്യക്കായി ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ബോക്സർമാരുടെ എണ്ണം ഇതോടെ ഏഴായി.
കോമണ്‍വെൽത്ത് ഗെയിംസ് സ്വർണ ജേതാവായ നിതുവിന്റെ ആക്രമണത്തിനു മുന്നിൽ എതിരാളിക്കു മറുപടിയില്ലായിരുന്നുവെന്നതാണു വാസ്തവം. ആദ്യ റൗണ്ടിൽ 5-0നും രണ്ടാം റൗണ്ടിൽ 3-2നുമായിരുന്നു നിതുവിന്റെ ജയം.
ഇന്ത്യയുടെ നിഖാത് സരിൻ, ലൗവ്ലിന ബോർഗോഹെയ്ൻ എന്നിവരും ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്. 2022 ചാന്പ്യനാണു നിഖാത് സരിൻ.
ആകെ സ്വർണം 12
വനിതാ ലോക ബോക്സിംഗ് വേദിയിൽ ഇന്ത്യയുടെ സ്വർണനേട്ടം ഇതോടെ 12 ആയി. മേരി കോം (2002, 2005, 2006, 2008, 2010, 2018) ആറ് തവണ ലോക ചാന്പ്യനായിരുന്നു.
സരിത ദേവി (2006), ആർ.എൽ. ജെന്നി (2006), കെ.സി. ലേഖ (2006), നിഖാത് സരിൻ (2022) എന്നിവരും ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്.