ചൈനയുടെ തിരിച്ചടി ; യുഎസ് ഉത്പന്നങ്ങൾക്കു 34% അധിക തീരുവ
Saturday, April 5, 2025 1:37 AM IST
മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ആഗോള സാന്പത്തിക മേഖലയെ മുഴുവൻ ബാധിക്കുന്നു.
ആഗോള ഓഹരി വിപണികളിൽ ഒന്നടങ്കം ഇന്നലെ നഷ്ടത്തിന്റെ ദിനമായിരുന്നു. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും ചൈന 34 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വിപണികളുടെ ഇടിവ് ആഘാതം കൂട്ടി.
യുഎസിന് ചൈനയുടെ മറുപടി
ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എല്ലാ യുഎസ് ഉത്പന്നങ്ങൾക്കും ചൈന 34 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിനെത്തുടർന്ന് യുഎസ് ഓഹരി വിപണികളും കുത്തനെ ഇടിഞ്ഞു. ചൈനയുടെ ഏറ്റവും പുതിയ നടപടി ആഗോള വ്യാപാര യുദ്ധം രൂക്ഷമാക്കുമെന്നും സാന്പത്തിക മാന്ദ്യം ഉണ്ടാകുമെന്നുമുള്ള ആശങ്ക ഉയർത്തിയിട്ടുണ്ട്.
ചൈനയ്ക്ക് 34 ശതമാനം പകരംതീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ചവയും ചേർത്ത് 54 ശതമാനം തീരുവയാണ് ചൈനയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
യുഎസ് വിപണികൾ കൂപ്പുകുത്തി
പ്രധാന യുഎസ് സൂചികകളുമായി ബന്ധപ്പെട്ട ഓഹരികൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വ്യാഴാഴ്ച എസ് ആൻഡ് പി 4.85 ശതമാനം ഇടിഞ്ഞ് 5,395.92 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ദാക് കോന്പോസിറ്റ് 1,053.60 പോയിന്റ് നഷ്ടത്തിൽ 16,547.45ലും , ഡൗ ജോണ്സ് ഇൻഡസ്ട്രിയൽ ആവറേജ് 3.98 ശതമാനം തകർന്ന് 40,542.71ൽ ക്ലോസ് ചെയ്തു.
റസൽ 2000 എന്ന സ്മോൾകാപ് ഓഹരി സൂചികയും 6.59 ശതമാനം ഇടിഞ്ഞ് 1,910.55 എന്ന നിലയിലെത്തി.
ഈ വർഷമാദ്യം ട്രംപ് അധികാരമേറ്റതിനുശേഷം, യുഎസ് ഓഹരികളുടെ മൂല്യത്തിൽ ഗണ്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. എസ് ആൻഡ് പി 500 ഉം നാസ്ദാക്കും സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽനിന്ന് 10 ശതമാനം ഇടിഞ്ഞു.
യൂറോപ്പിലും ഏഷ്യയിലും നെഗറ്റീവ്
ആഗോള വിപണികളിലേക്കും നെഗറ്റീവ് വികാരം വ്യാപിച്ചു. യൂറോപ്യൻ സൂചികകൾ കുത്തനെ താഴ്ന്ന് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിവാര പ്രകടനത്തിലേക്ക് നീങ്ങി. യൂറോപ്യൻ മാർക്കറ്റുകളിൽ ഓഹരി സൂചികകൾ നാലു ശതമാനത്തിനു മുകളിലാണ് ഇടിഞ്ഞിരിക്കുന്നത്. സ്റ്റോക്സ് യൂറോപ്പ് 600, ജർമനിയുടെ ഡിഎഎക്സ് , ഫ്രാൻസിന്റെ സിഎസി 40, യുകെയുടെ എഫ്ടിഎസ്ഇ വൻ തകർച്ച നേരി ടുകയാണ്.
ഏഷ്യൻ വിപണികളും സമ്മർദത്തിലാണ്. ജപ്പാന്റെ നിക്കീ 2.83 ശതമാനവും ദക്ഷിണ കൊറിയയുടെ കെഒഎസ്പിഐ ഒരു ശതമാനത്തിനടത്തും ഇടിഞ്ഞു. അവധി ദിവസങ്ങളെത്തുടർന്ന് ഷാങ്ഹായ്, തായ്വാൻ, ഹോങ്കോങ്, ഇന്തോനേഷ്യ മാർക്കറ്റുകൾ അടച്ചിരിക്കുകയാണ്.
ഇന്ത്യൻ മാർക്കറ്റുകളിൽ ബിഎസ്ഇ സെൻസെക്സ് 930.67 പോയിന്റ് (1.22%) താഴ്ന്ന് 75,364.69ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് 1054.81 പോയിന്റിന്റെ ഇടിവ് നേരിട്ട് 75,240.55 എന്ന താഴ്ന്ന നിലയിൽ എത്തിയിരുന്നു.
നിഫ്റ്റി 345.65 പോയിന്റ് (1.49%) നഷ്ടത്തിൽ 22,904.45ൽ ആണ് ക്ലോസ് ചെയ്തത്. വ്യാപാര സെഷനിൽ നിഫ്റ്റി ഓഹരി സൂചിക 382.2 പോയിന്റ് അഥവാ 1.64 ശതമാനം ഇടിഞ്ഞ് 22,867.90 എന്ന നിലയിലെത്തി.