സ്പേസ് എക്സും എയർടെല്ലും കരാറിൽ ഒപ്പുവച്ചു
Tuesday, March 11, 2025 11:50 PM IST
മുംബൈ: സ്റ്റാർലിങ്കിന്റെ ഹൈ സ്പീഡ് ഉപഗ്രഹാധഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിന് ഇലോണ് മസ്കിന്റെ സ്പേസ് എക്സുമായി ഭാരതി എയർടെൽ കരാറിലായി. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ ആദ്യ കരാറാണിത്.
ഇന്ത്യക്കുള്ളിൽ സ്റ്റാർലിങ്ക് സേവനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ അംഗീകാരങ്ങൾ സ്പേസ് എക്സിന് നേടേണ്ടതുണ്ട്. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ വരവിന് റെഗുലേറ്ററി അംഗീകാരങ്ങൾ ഒരു പ്രധാന തടസമായി തുടരുന്നു.
ഇന്ത്യൻ ബഹിരാകാശ നിയന്ത്രണ സ്ഥാപനമായ ഇൻസ്പേസും (IN-SPACe) ഉം ടെലികമ്യൂണിക്കേഷൻ വകുപ്പും സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾക്കായി സ്പേസ്എക്സിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. നിയമപരമായ അനുമതിക്കുശേഷം സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങും.
യൂട്ടെൽസാറ്റ് വണ്വെബുമായുള്ള നിലവിലുള്ള പങ്കാളിത്തത്തിന് പുറമേ, സ്റ്റാർലിങ്കിന്റെ ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് കണക്റ്റിവിറ്റി കൂടി എയർടെൽ ചേർക്കും. ഇതിലൂടെ മുന്പ് ഉപയോഗിച്ചിരുന്നവയുമായി ബന്ധിപ്പിച്ചുകൊണ്ട് രാജ്യവ്യാപകമായി കവറേജ് നൽകാനുള്ള എയർടെല്ലിനുള്ള കഴിവ് കൂടുതൽ ശക്തിപ്പെടും.
2023 ജൂണിൽ, ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കാൻ മസ്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത വിദൂര ഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നതിന് സ്റ്റാർലിങ്ക് ‘അവിശ്വസനീയമാംവിധം സഹായകരമാകുമെന്ന്’ മസ്ക് പറഞ്ഞു.
പങ്കാളിത്തത്തിന്റെ ഭാഗമായി, എയർടെല്ലും സ്പേസ് എക്സും പരസ്പര പൂരകമായി പ്രവർത്തിക്കും. സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് കണക്റ്റിവിറ്റിയിലൂടെ എയർടെല്ലിന്റെ നിലവിലുള്ള സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്യും. സ്റ്റാർലിങ്ക് ഉപകരണങ്ങൾ എയർടെല്ലിന്റെ സ്റ്റോറുകൾ വഴി വിൽക്കും.
ബിസിനസ്, എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുക, ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുക എന്നിവയാണ് പദ്ധതികൾ.
സ്റ്റാർലിങ്കിന് എയർടെല്ലിന്റെ നെറ്റ്വർക്കിനെ എങ്ങനെ മെച്ചപ്പെടുത്താനാകുമെന്ന് ഇരു കന്പനികളും വിലയിരുത്തും. അതോടൊപ്പം ഇന്ത്യയിലുടനീളമുള്ള എയർടെല്ലിന്റെ അടിസ്ഥാന സൗകര്യങ്ങൾ മറ്റും പ്രയോജനപ്പെടുത്തിക്കൊണ്ട് സ്പേസ് എക്സിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.