രാജസ്ഥാൻ റോയൽസിന് ആദ്യ ജയം
Monday, March 31, 2025 1:28 AM IST
ഗോഹട്ടി: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് 2025 സീസണിൽ രാജസ്ഥാൻ റോയൽസിന് ആദ്യ ജയം. രാജസ്ഥാൻ ആറു റണ്‍സിന് ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി. സ്കോർ രാജസ്ഥാൻ 20 ഓവറിൽ 182/9. ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 176/6.
ടോസ് നേടിയ ചെന്നൈ രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിന് വിട്ടു. ഈ തീരുമാനം ശരിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യ ഓവർ. മൂന്നാം പന്തിൽ ഖലീൽ അഹമ്മദ് യശസ്വി ജയ്സ്വാളിനെ (4) പുറത്താക്കി. സഞ്ജു സാംസണ്-നിതീഷ് റാണ സഖ്യം 82 റണ്‍സ് ചേർത്തശേഷം പിരിഞ്ഞു. സഞ്ജുവിന്റെ വിക്കറ്റ് (20) നൂർ അഹമ്മദ് സ്വന്തമാക്കി. 36 പന്തിൽ 81 റണ്‍സ് നേടിയ റാണയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മതീഷ പതിരാന എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആർ. അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ നായകൻ ഋതുരാജ് ഗെയ്ക് വാദ് 63 റണ്‍സുമായി ടോപ് സ്കോററായി. തോൽവി ഉറപ്പിച്ച ചെന്നൈയെ ധോണി- രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ജയപ്രതീക്ഷകൾ നൽകി. അവസാന ഓവറിൽ ചെന്നൈയ്ക്കു ജയിക്കാൻ 20 റണ്‍സ് വേണമെന്നായി. എന്നാൽ ധോണി പുറത്തായതോടെ (16) പ്രതീക്ഷകൾ തകർന്നു. നാലാം പന്തിൽ സിക്സുമായി ഓവർട്ടണ് വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും അവസാന രണ്ടു പന്തിൽ നാലു റണ്‍സ് മാത്രമേ ഓവർട്ടണിനു നേടാനായുള്ളൂ.