മുംബൈക്കെതിരേ ഗുജറാത്തിന് ജയം
Sunday, March 30, 2025 12:46 AM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 36 റണ്‍സിന് ഗുജറാത്ത് തകർത്തു.
സായ് സുദർശന്റെ സുന്ദര അർധസെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ലറുടെയും മികച്ച ബാറ്റിംഗുമാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഒന്‍പതാം മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് തീരുമാനം തെറ്റിയെന്ന് ബോധ്യപ്പെടാൻ അധികസമയം വേണ്ടി വന്നില്ല.
സായ് സുദർശൻ- ശുഭ്മാൻ ഗിൽ ഓപ്പണിംഗ് സഖ്യം തകർത്തടിച്ചു. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കം മുതൽ വിക്കറ്റുകൾ പൊഴിഞ്ഞത് വിനയായി. തിലക് വർമ- സൂര്യകുമാർ യാദവ് കൂട്ടുകെട്ട് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജയം നേടാൻ സാധിച്ചില്ല.
ടീമിലേക്ക് തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യക്ക് രണ്ടു വിക്കറ്റുകൾ നേടാനായെങ്കിലും നിർണായക സമയത്ത് ബാറ്റിംഗിൽ ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. പതിനൊന്ന് റണ്‍സാണ് പാണ്ഡ്യയുടെ സന്പാദ്യം. ഗുജറാത്തിന്റെ സായ് സുദർശനാണ് കളിയിലെ താരം. സ്കോർ: ഗുജറാത്ത്: 20 ഓവറിൽ 196/8. മുംബൈ: 20 ഓവറിൽ 160/6.
തകർപ്പൻ തുടക്കം:
ഗുജറാത്തിനുവേണ്ടി സായ് സുദർശൻ- ശുഭ്മാൻ ഗിൽ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 8.3 ഓവറിൽ 78 റണ്‍സിൽ എത്തിച്ചു. സായ് സുദർശൻ 41 പന്തിൽ 63 റണ്‍സും ഗിൽ 27 പന്തിൽ 38 റണ്‍സും നേടി. മൂന്നാം നന്പരിലിറങ്ങിയ ജോസ് ബട്ലർ 24 പന്തിൽ 39 റണ്‍സ് നേടിയതോടെ മികച്ച സ്കോറിലേക്ക് ഗുജറാത്ത് എത്തി.
താളം കണ്ടെത്താനായില്ല:
197 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് പന്തിൽ എട്ട് റണ്‍സുമായി രോഹിത് ശർമ വീണു. പിന്നാലെ ആറ് റണ്‍സുമായി സഹ ഓപ്പണർ റിയാൻ റിക്കിൾട്ടനും മടങ്ങി. തിലക് വർമ (39)- സൂര്യകുമാർ യാദവ് (48) സഖ്യമാണ് മത്സരത്തിലേക്ക് മുംബൈയെ തിരികെ കൊണ്ടുവന്നത്.
മുംബൈക്കുവേണ്ടി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ, മുജഏബ് റഹ്മാൻ,സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റും നേടി. ഗുജറാത്തിനുവേണ്ടി മുഹമ്മദ് സിറാജും പ്രസീദ് കുഷ്ണയും രണ്ട് വിക്കറ്റ് വീതവും കാഗിസോ റബാഡ, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റും നേടി.