ഇന്ത്യ ചാന്പ്യൻസ്
Monday, March 10, 2025 1:41 AM IST
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ തന്നെ ജേതാക്കൾ. എല്ലാ കവിടി നിരത്തലുകളെയും "വഴിമുടക്കി’ സിദ്ധാന്തങ്ങളെയും അടിച്ചൊതുക്കി ന്യൂസിലൻഡിനുമേൽ നാലുവിക്കറ്റ് വിജയം.
ദുബായിലെ ഇന്ത്യൻ ആരാധകരുടെ ആവേശപ്പൂരത്തിന് തിരികൊളുത്തിക്കൊണ്ടാണ് ഇന്ത്യ വിജയത്തിലേക്കു ചുവടുവച്ചത്. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 251-7. ഇന്ത്യ 49 ഓവറിൽ 254-6.
252 റൺസ് പിന്തുടർന്ന ഇന്ത്യയെ മുന്നിൽനിന്നു നയിച്ച രോഹിത് ശർമയ്ക്ക് (83 പന്തിൽ 76) ശ്രേയസ് അയ്യർ (62 പന്തിൽ 48), ശുഭ്മാൻ ഗിൽ (50പന്തിൽ 31), അക്ഷർ പട്ടേൽ (40 പന്തിൽ 29), കെ.എൽ.രാഹുൽ (34 നോട്ടൗട്ട്), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 18) എന്നിവർ മികച്ച പിന്തുണ നല്കി. വിരാട് കോഹ്ലി (ഒന്ന്) മാത്രമാണു പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസിനെ പതിവുപോലെ സ്പിന്നർമാരാണ് വരിഞ്ഞുമുറുക്കിയത്. കുൽദീപ് യാദവും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റു വീതവും രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുവീതവും വീഴ്ത്തി. 63 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസ് ടോപ് സ്കോറർ. ബ്രേസ്വെൽ 53 റൺസെടുത്തു.
ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. 2002ലും 2013ലുമാണ് മുന്പ് ഇന്ത്യ ജേതാക്കളായത്. 2002ൽ ശ്രീലങ്കയ്ക്കൊപ്പം സംയുക്തവിജയികളായിരുന്നു.
252 റൺസ് പിന്തുടർന്ന് ഇന്ത്യക്ക് നായകൻ രോഹിത് ശർമ കിടിലൻ തുടക്കമാണു നല്കിയത്. 7.1 ഓവറിൽ കൊടുങ്കാറ്റുപോലെ ഇന്ത്യ 50 കടന്നു. ടൂർണമെന്റിലെ ഫാസ്റ്റസ്റ്റ് ടീം 50. 41 പന്തിൽ മൂന്നു സിക്സറോടെ രോഹിത് അർധസെഞ്ചുറി പിന്നിട്ടു.
വലിയ ഇടവേളയില്ലാതെ ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും പുറത്തായപ്പോൾ ഇന്ത്യയൊന്നു ഞെട്ടിയതാണ്. രോഹിത് ശർമയും പുറത്തായതോടെ കിവീസ് മത്സരത്തിലേക്കു തിരിച്ചുവന്ന പ്രതീതി. എന്നാൽ ശ്രേയസ് അയ്യർ-അക്സർ പട്ടേൽ, കെ.എൽ.രാഹുൽ-ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ടുകൾ എതിരാളികളുടെ പ്രതീക്ഷ തല്ലിക്കെടുത്തി. നാൽപ്പത്തൊന്പതാം ഓവറിന്റെ അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റിൽനിന്ന് വിജയറണ്ണും വന്നു.