ഗോകുല ജയം
Wednesday, January 15, 2025 12:45 AM IST
മഡ്ഗാവ്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു തുടർച്ചയായ രണ്ടാം ജയം. ഇന്നലെ മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരായ ഡെംപോ സ്പോട്സ് ക്ലബ്ബിനെ തോൽപ്പിച്ചു.
സമനിലയെന്നു കരുതിയിരിക്കേ 86-ാം മിനിറ്റിൽ വലകുലുക്കിയ അഭിജിത്താണു ഗോകുലത്തിനു മൂന്നു പോയിന്റ് സമ്മാനിച്ചത്. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. എട്ടു കളിയിൽ മൂന്നു ജയവും നാലു സമനിലയുമുള്ള മലബാറിയൻസിനു 13 പോയിന്റുണുള്ളത്. 16 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരേ നടന്ന എവേ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിനു ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണു മലബാറിയൻസ് കളത്തിലിറങ്ങിയത്.
ആദ്യ പകുതിയുടെ ഏഴാം മിനിറ്റിൽ ഡെംപോയ്ക്കു ഗോൾ നേടാൻ മികച്ചൊരു അവസരം ലഭിച്ചതാണ്. ശുഭം റാവത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കായിരുന്നു. ഇതോടെ മത്സരത്തിന്റെ നിയന്ത്രണം ഡെംപോയിൽനിന്ന് ഗോകുലം തിരിച്ചുപിടിച്ചു. ഗോകുലം തുടർച്ചയായി ആക്രമിച്ചുകൊണ്ടിരുന്നു. മികച്ച അവസരങ്ങൾ അദാമ നഷ്ടമാക്കി.
ഇടവേളയ്ക്കു പിരിയും മുന്പ് ഡെംപോ ശുഭം റാവത്തിലൂടെ ഒരിക്കൽക്കൂടി ഗോകുലം ഗോൾകീപ്പർ ഷിബിൻരാജിനെ പരീക്ഷിക്കാനെത്തി. ഇത്തവണയും ഷിബിൻരാജ് രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ഇരട്ട രക്ഷപ്പെടുത്തലുകളുമായി ഷിബിൻരാജ് തിളങ്ങി. മറുവശത്ത് ഗോകുലം അവസരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.
86-ാം മിനിറ്റിൽ ഗോകുലം കാത്തിരുന്ന നിമിഷമെത്തി. പകരക്കാരനായി എത്തിയ മാർട്ടിൻ ഷാവെസ് പെനാൽറ്റി ബോക്സിനുള്ളിൽ നടത്തിയ നീക്കത്തിൽ മറ്റൊരു പരക്കാരനായ അഭിജിത്തിനു പന്ത് ലഭിച്ചു. ഈ അവസരം പാഴാക്കാതെ അഭിജിത് വലകുലുക്കി.