കൂളാണ് വന്പൻമാർ
Wednesday, January 15, 2025 12:45 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റ് മൂന്നാം ദിവസം പുരുഷ സിംഗിൾസിൽ ഒന്‍പതാം സീഡ് ആന്ദ്രെ റൂബ്ലേവിനെ അട്ടിമറിച്ച് ജോവോ ഫോൻസിക രണ്ടാം റൗണ്ടിൽ പ്രവേശിച്ചതാണ് പ്രധാന അട്ടിമറി. ടെയ്ലർ ഫ്രിറ്റ്സ്, ഡാനിൽ മെദ്വദേവ്, അലക്സ് ഡി മിനോർ, ബെൻ ഷെൽട്ടണ്‍ തുടങ്ങിയ മുൻനിര താരങ്ങൾ രണ്ടാം റൗണ്ടിൽ കടന്നു.
നാലാം സീഡ് യുഎസിന്റെ ടെയ്ലർ ഫ്രിറ്റ്സ് 6-2, 6-0, 6-3 ന് സ്വന്തം നാട്ടുകാരൻ ജെൻസണ് ബ്രൂക്സ്ബിയെ പരാജയപ്പെടുത്തി.
റഷ്യയുടെ അഞ്ചാം സീഡ് താരമായ ഡാനിൽ മെദ്വദേവ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ ( 6-2, 4-6, 3-6, 6-1, 6-2) തായ്ലൻഡിന്റെ കസിദിത് സാംറെജിനെ പരാജയപ്പെടുത്തി വൻ അട്ടിമറിയിൽനിന്നു രക്ഷപ്പെട്ടു. രണ്ടും മൂന്നും സെറ്റിൽ മികച്ച പ്രകടനം നടത്തിയ തായ്ലൻഡ് താരത്തിനു നാലും അഞ്ചും സെറ്റിൽ മികവിലെത്താനായില്ല. ഓസ്ട്രേലിയയുടെ എട്ടാം സീഡ് അലക്സ് ഡി മിനോർ നെതർലൻഡ്സിന്റെ ബോട്ടിക് വാൻ ഡി സ്വാൻഡ്സ്ചൾപിനെ 6-1, 7-5, 6-4നു പരാജയപ്പെടുത്തി.
റഷ്യയുടെ ഒന്‍പതാം സീഡ് താരമായ റൂബ്ലേവിനെ 6-7 (7-1), 6-3, 7-6(7-5) ന് അട്ടിമറിച്ചാണു ബ്രസീലിന്റെ ഫോൻസിക രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ഗെയ്ൽ മോണ്‍ഫിൽസ്, ബെൻ ഷെൽട്ടണ്‍, ലോറൻസോ മുസേറ്റി എന്നിവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
മുൻനിരക്കാർ മുന്നോട്ട്
വനിത സിംഗിൾസിൽ ജാസ്മിൻ പവോലിനി, എലേന റിബകിന, എമ്മ നവോരോ എന്നിവർ രണ്ടാം റൗണ്ടിൽ. നാലാം സീഡ് ജാസ്മൻ പവോലിനി 6-0, 6-4ന് ചൈനയുടെ വീ സിജിയയെ തോൽപ്പിച്ചു.
റിബാക്കിന 6-1, 6-1ന് ഓസ്ട്രേലിയയുടെ എമേർസണ് ജോണ്സിനെതിരേ അനായാസ ജയം നേടി. എമ്മ നവരൊ 6-7(5-7), 7-6(7-5), 7-5ന് പേറ്റണ് മകെൻസിയെ പരാജയപ്പെടുത്തി. എലിന സ്വിറ്റോലിന, ഓണ്‍സ് ജബോർ, മാഡിസണ്‍ കീസ് എന്നിവർ രണ്ടാം റൗണ്ടിലെത്തി.
ബൊപ്പണ്ണ സഖ്യം പുറത്ത്
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ കൊളംബിയയുടെ നിക്കോളാസ് ബാരിയന്റോസ് സഖ്യം ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു.
നെറ്റ് കാമറ തകർത്തു; മെദ്വദേവിന് പിഴ
പുരുഷ സിംഗിൾസിൽ ഇന്നലെ നടന്ന മത്സരത്തൽ റാക്കറ്റ് ഉപയോഗിച്ച് നെറ്റ് കാമറ തകർത്ത റഷ്യയുടെ ഡാനിൽ മെദ്വദേവിന് പിഴ. റാക്കറ്റ് ദുരുപയോഗം ചെയ്തതിനാണു പിഴശിക്ഷ. തായ്ലൻഡിന്റെ കസിദിത് സാംറെജിനെതിരേ ആദ്യ റൗണ്ട് മത്സരത്തിന്റെ മൂന്നാം സെറ്റിൽ 3-5ന് പിന്നിൽനിൽക്കേ സെർവ് നഷ്ടമാക്കിയതിന്റെ നിരാശയിലും ദേഷ്യത്തിലും മെദ്വദേവ് റാക്കറ്റ് ഉപയോഗിച്ച് നെറ്റ് കാമറ തകർക്കുകയായിരുന്നു. അഞ്ചു തവണയാണ് താരം നെറ്റിലടിച്ചത്. തന്റെ റാക്കറ്റ് നെറ്റ് കാമറയിലേക്ക് മെദ്വദേവ് ആവർത്തിച്ച് അടിക്കുകയായിരുന്നു. അടികൊണ്ട് കാമറ തകരുകയും ചെയ്തു. ബോൾ കിഡ്സ് എത്തിയാണ് അവശിഷ്ടങ്ങൾ നീക്കിയത്. നെറ്റിന്റെ തകരാറുകൾ പരിഹരിച്ചശേഷമാണു മത്സരം പുനരാരംഭിച്ചത്.