ഓസ്ട്രേലിയൻ ഓപ്പണിനു നാളെ പുലർച്ചെ 5.30നു തുടക്കം
Saturday, January 11, 2025 12:56 AM IST
മെൽബണ്‍: 2025 സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് പോരാട്ടത്തിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നു തുടക്കമാകും. സീസണിലെ ആദ്യ ഗ്രാൻസ് ലാമായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ റോഡ് ലേവർ, മാർഗരറ്റ് കോർട്ട്, മെൽബണ്‍ എന്നിങ്ങനെ മൂന്ന് അരീനകൾക്കൊപ്പം ഔട്ട് സൈഡ് കോർട്ടുകളിലുമായി അരങ്ങേറും.
പുരുഷ സിംഗിൽസിൽ സുമിത് നാഗലാണ് ഇന്ത്യയുടെ ഏക സാന്നിധ്യം. പുരുഷ ഡബിൾസിൽ നിലവിലെ ചാന്പ്യനായ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും പോരാട്ട രംഗത്തുണ്ട്. 2024ൽ ഓസ്ട്രേലിയയുടെ മാത്യു എബ്ഡന്റെ ഒപ്പമായിരുന്നു ബൊപ്പണ്ണ ചാന്പ്യൻപട്ടത്തിലെത്തിയത്. ഇത്തവണ കൊളംബിയക്കാരൻ നിക്കോളാസ് ബാരിയന്റ്സാണ് ബൊപ്പണ്ണയുടെ കൂട്ട്. എബ്ഡൻ ബെൽജിയത്തിന്റെ ജോറാൻ വിലീഗന്റെ ഒപ്പവും കോർട്ടിൽ ഇറങ്ങും.
ഉത്തേജകം ചർച്ച
പുരുഷ-വനിതാ സിംഗിൾസിലെ ഒന്നും രണ്ടും റാങ്കുകാർ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടവരാണെന്നതാണ് 2025 ഓസ്ട്രേലിയൻ ഓപ്പണിലെ ഏറ്റവും ചൂടേറിയ ചർച്ച. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പറായ ഇറ്റലിയുടെ യാനിക് സിന്നർ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നു തെളിഞ്ഞെങ്കിലും വിലക്കും സസ്പെൻഷനും ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
2024 സീസണിന്റെ പകുതിയിൽ അധികവും വനിതാ സിംഗിൾസ് ലോക ഒന്നാം നന്പറായിരുന്ന പോളിഷ് താരം ഇഗ ഷ്യാങ്ടെക്കും ഉത്തേജക മരുന്നു വിവാദത്തിന്റെ നിഴലിലാണ്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ബെലാറൂസിന്റെ അരീന സബലെങ്കയ്ക്കു മുന്നിൽ ലോക ഒന്നാം നന്പർ ഇഗ അടിയറവച്ചെങ്കിലും നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയൻ താരമായ നിക് കിർഗിയോസ് ഉത്തേജകത്തെക്കുറിച്ച് ശക്തമായി പ്രതികരിച്ചിരുന്നു എന്നതും ശ്രദ്ധേയം.
വിന്നർ സിന്നർ?
ഉത്തേജകത്തിന്റെ നിഴവിലാണെങ്കിലും 2025 ഓസ്ട്രേലിയൻ ഓപ്പണിലും യാനിക് സിന്നർ പുരുഷ സിംഗിൾസ് ചാന്പ്യനാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. കാരണം, 2024 സീസണിൽ അവസാനം കളിച്ച 14 മത്സരങ്ങളിൽ സിന്നർ തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ, 2024ൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനെതിരായ മൂന്നു മത്സരങ്ങളിലും സിന്നർ പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റിന്റെ തുടക്കത്തിനുശേഷം സിന്നറിനെ തോൽപ്പിക്കാൻ ആർക്കും സാധിച്ചില്ല.
ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, അൽകാരസ്, മുൻ ചാന്പ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, റഷ്യയുടെ ഡാനിൽ മെദ്വദേവ്, നോർവെയുടെ കാർപർ റൂഡ് തുടങ്ങിയവരെല്ലാം സിന്നറിന്റെ കിരീടത്തിലേക്കുള്ള വഴി മുടക്കാൻ കെൽപ്പുള്ളവരാണ്.
ജോക്കോയുടെ കോച്ച് മുറെ
കോർട്ടിൽ ഒരിക്കൽ ശക്തരായ എതിരാളികളായ ബ്രിട്ടന്റെ ആൻഡി മുറെയുടെ കോച്ചിംഗിലാണ് സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ എത്തുന്നത്. പ്രീസീസണിൽ ഒരാഴ്ചയിൽ അധികം ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. 2024 സീസണിൽ ഒരു ഗ്രാൻസ്ലാം ട്രോഫിപോലും സ്വന്തമാക്കാൻ ജോക്കോവിച്ചിനു സാധിച്ചിരുന്നില്ല. ആദ്യ അഞ്ച് റാങ്കിൽനിന്നു താഴേക്കു പതിക്കുകയും ചെയ്തു. നിലവിൽ ഏഴാം റാങ്കിലുള്ള ജോക്കോവിച്ചിന്റെ പ്രകടനം എത്രമാത്രം മെച്ചപ്പെടുത്താൻ മുറെയുടെ തന്ത്രങ്ങൾക്കു സാധിക്കും എന്നതാണ് ടെന്നീസ് ലോകം ഉറ്റുനോക്കുന്നത്.
ഹാട്രിക്കിനു സബലെങ്ക
വനിതാ സിംഗിൾസ് ലോക ഒന്നാം നന്പറായ അരീന സബലെങ്ക തുടർച്ചയായ മൂന്നാം ഓസ്ട്രേലിയൻ ഓപ്പണ്‍ ട്രോഫിക്കുവേണ്ടിയാണ് ഇത്തവണ കോർട്ടിൽ എത്തുന്നത്.
ഇഗ ഷ്യാങ്ടെക്, അമേരിക്കയുടെ കൊക്കൊ ഗഫ്, കസാക്കിസ്ഥാന്റെ എലെന റെബാകിന തുടങ്ങിയവരെല്ലാം സബലെങ്കയ്ക്കു വെല്ലുവിളിയാകാനുള്ള തയാറെടുപ്പിലാണ്. റഷ്യയുടെ പതിനേഴുകാരി മിറ ആൻഡ്രീവയും വനിതാ സിംഗിൾസിലെ ശ്രദ്ധേയ താരമാണ്. 2024 സീസണിൽ മിറ ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പണുകളിൽ സെമിയിൽ പ്രവേശിച്ചിരുന്നു.
നിലവിലെ ചാന്പ്യന്മാർ
പുരുഷ സിംഗിൾസ്: യാനിക് സിന്നർ
വനിതാ സിംഗിൾസ്: അരീന സബലെങ്ക
പുരുഷ ഡബിൾസ്: രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ
വനിതാ ഡബിൾസ്: സു വി-എലിസ് മെർട്ടെൻസ്
മിക്സഡ് ഡബിൾസ്: സു വി-യാൻ സീലിൻസ്കി