ഗ്ലാ​​സ്ഗോ: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന്‍റെ 2026 എ​​ഡി​​ഷ​​നി​​ൽ ഇ​​ന്ത്യ​​ൻ മെ​​ഡ​​ൽ സ്വ​​പ്ന​​ങ്ങ​​ൾ​​ക്കു​​മേ​​ൽ ക​​രി​​നി​​ഴ​​ൽ​​പ​​ര​​ത്തി വ​​ൻ വെ​​ട്ടി​​നി​​ര​​ത്ത​​ൽ. ഇ​​ന്ത്യ​​യു​​ടെ ഉ​​റ​​ച്ച മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ളാ​​യി​​രു​​ന്ന ബാ​​ഡ്മി​​ന്‍റ​​ണ്‍, ഗു​​സ്തി, ഷൂ​​ട്ടിം​​ഗ്, ഹോ​​ക്കി, ക്രി​​ക്ക​​റ്റ്, സ്ക്വാ​​ഷ് അ​​ട​​ക്കം 10 ഇ​​ന​​ങ്ങ​​ൾ 2026 ഗ്ലാ​​സ്ഗോ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ടു.

2022 ബി​​ർ​​മി​​ങ്ഹാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന 20 ഇ​​ന​​ങ്ങ​​ൾ (പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് ഉൾപ്പെടെ) ഗ്ലാ​​സ്ഗോയി​​ലെ​​ത്തു​​ന്പോ​​ൾ ഇ​​തോ​​ടെ പ​​ത്താ​​യി ചു​​രു​​ങ്ങി. ഇ​​ന്ത്യ​​ക്കു മെ​​ഡ​​ൽ ല​​ഭി​​ക്കു​​ന്ന ഇ​​ന​​ങ്ങ​​ളാ​​ണ് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​തെ​​ന്ന​​താ​​ണു ശ്ര​​ദ്ധേ​​യം.

ചെല​​വു ചു​​രു​​ക്ക​​ൽ

ചെല​​വു ചു​​രു​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് കാ​​യി​​കയിന​​ങ്ങ​​ൾ വെ​​ട്ടി​​ക്കു​​റ​​ച്ച​​തെ​​ന്നാ​​ണ് ഗ്ലാ​​സ്ഗോ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് സം​​ഘാട​​ക​​ർ അ​​റി​​യി​​ച്ച​​ത്. ഗെ​​യിം​​സ് നാ​​ലു വേ​​ദി​​ക​​ളി​​ലാ​​യാ​​ണ് ന​​ട​​ക്കു​​ക. അ​​ത്‌ല​​റ്റു​​ക​​ൾ​​ക്കും സ​​പ്പോ​​ർ​​ട്ടിം​​ഗ് സ്റ്റാ​​ഫു​​ക​​ൾ​​ക്കും ഹോ​​ട്ട​​ലി​​ൽ ആ​​യി​​രി​​ക്കും താ​​മ​​സ​​മൊ​​രു​​ക്കു​​ക എ​​ന്നും സം​​ഘാട​​ക​​ർ അ​​റി​​യി​​ച്ചു. ഗെ​​യിം​​സ് വി​​ല്ലേ​​ജ് എ​​ന്ന പ​​രി​​പാ​​ടി ഉ​​ണ്ടാ​​കി​​ല്ലെ​​ന്നു ചു​​രു​​ക്കം.

2022 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ​​നി​​ന്നു​​ത​​ന്നെ ഷൂ​​ട്ടിം​​ഗ് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ന്ത്യ​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മെ​​ഡ​​ൽ ല​​ഭി​​ച്ചി​​രു​​ന്ന ഇ​​ന​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യി​​രു​​ന്നു ഷൂ​​ട്ടിം​​ഗ്. 2026 ഗെ​​യിം​​സി​​ലും ഷൂ​​ട്ടിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ പ​​ടി​​ക്കു പു​​റ​​ത്താ​​ണ്.

അ​​തേ​​സ​​മ​​യം, നീ​​ന്ത​​ൽ, അ​​ത്‌​ല​​റ്റി​​ക്സ്, 3x3 ബാ​​സ്ക​​റ്റ്, ട്രാ​​ക്ക് സൈ​​ക്ലിം​​ഗ്, ലോ​​ണ്‍ ബോ​​ൾ, ഭാ​​രോ​​ദ്വ​​ഹ​​നം എ​​ന്നി​​വ​​യി​​ൽ പാ​​രാ വി​​ഭാ​​ഗം പോ​​രാ​​ട്ട​​ങ്ങ​​ളും അ​​ര​​ങ്ങേ​​റും എ​​ന്ന​​താ​​ണ് ഗ്ലാ​​സ്ഗോ കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത.

ഗ്ലാ​​സ്ഗോയി​​ൽ എ​​ത്തു​​ന്പോ​​ൾ

2022 ബി​​ർ​​മി​​ങ്ഹാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ 19 ഇ​​ന​​ങ്ങ​​ളി​​ലാ​​യി 283 സ്വ​​ർ​​ണ മെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളാ​​ണ് അ​​ര​​ങ്ങേ​​റി​​യ​​ത്. അ​​തു​​പോ​​ലെ സൈ​​ക്ലിം​​ഗ് ഉ​​ണ്ടെ​​ങ്കി​​ലും ട്രാ​​ക്ക് സൈ​​ക്ലിം​​ഗ് മാ​​ത്ര​​മാ​​യി​​രു​​ക്കും പോ​​രാ​​ട്ടവേ​​ദി​​യി​​ൽ ഉ​​ണ്ടാ​​കു​​ക.

2022ൽ ​​മൗ​​ണ്ട​​ൻ ബൈ​​ക്കിം​​ഗ്, റോ​​ഡ് സൈ​​ക്ലിം​​ഗ്, ട്രാ​​ക്ക് സൈ​​ക്ലിം​​ഗ് എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 26 സ്വ​​ർ​​ണമെ​​ഡ​​ൽ പോ​​രാ​​ട്ടം സൈ​​ക്ലിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ഗ്ലാ​​സ്ഗോ​​യി​​ൽ ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ് മാ​​ത്ര​​മേ​​യു​​ള്ളൂ.


ബി​​ർ​​മി​​ങ്ഹാ​​മി​​ൽ റി​​ഥ​​മി​​ക് ജിം​​നാ​​സ്റ്റി​​ക്സും ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ക്വാ​​ട്ടി​​ക്സി​​ലെ ഡൈ​​വിം​​ഗ് 2026 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ല്ല. 2022ൽ ​​ഡൈ​​വിം​​ഗി​​ൽ 12 സ്വ​​ർ​​ണമെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ളാ​​യി​​രു​​ന്നു ന​​ട​​ന്ന​​ത്. അ​​തേ​​സ​​മ​​യം, നീ​​ന്ത​​ൽ ന​​ട​​ക്കും.

2026 ജൂ​​ലൈ 23 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് ആ​​റു വ​​രെ​​യാ​​ണ് ഗ്ലാ​​സ്ഗോ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഗ്ലാ​​സ്ഗോ​​യി​​ൽ 10 ഇ​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി​​രി​​ക്കും ഉ​​ണ്ടാ​​യി​​രി​​ക്കു​​ക. എ​​ത്ര സ്വ​​ർ​​ണമെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​കും എ​​ന്ന​​ത് ഇ​​തു​​വ​​രെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട ഇ​​ന​​ങ്ങ​​ൾ

2026 ഗ്ലാ​​സ്ഗോ കോമൺവെൽത്ത് ഗെയിംസ്

►ബാ​​ഡ്മി​​ന്‍റ​​ണ്‍
►ബീ​​ച്ച് വോ​​ളി
►ക്രി​​ക്ക​​റ്റ്
►ഫീ​​ൽ​​ഡ് ഹോ​​ക്കി
►പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്
►റ​​ഗ്ബി സെ​​വ​​ൻ​​സ്
►സ്ക്വാ​​ഷ്
►ടേ​​ബി​​ൾ ടെ​​ന്നീ​​സ്
►ട്ര​​യാ​​ത്ത​​ല​​ണ്‍
►ഗു​​സ്തി

ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​തി​​ൽ ഇ​​ന്ത്യൻ മെഡൽ

ഗ്ലാ​​സ്ഗോ ഗെ​​യിം​​സി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട ഇ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു (പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് ഉ​​ൾ​​പ്പെ​​ടെ) മാ​​ത്ര​​മാ​​യി 2022 ബി​​ർ​​മി​​ങ്ഹാ​​മി​​ൽ ഇ​​ന്ത്യ ആ​​കെ 14 സ്വ​​ർ​​ണം ഉ​​ൾ​​പ്പെ​​ടെ 31 മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി.

നി​​ല​​വി​​ൽ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട 10 ഇ​​ന​​ങ്ങ​​ളി​​ൽ, ഇ​​ന്ത്യ ബി​​ർ​​മി​​ങ്ഹാ​​മി​​ൽ പ​​ങ്കെ​​ടു​​ക്കാ​​തി​​രു​​ന്ന​​ത് ബീ​​ച്ച് വോ​​ളി, റ​​ഗ്ബി സെ​​വ​​ൻ​​സ് പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​യി​​രു​​ന്നു. പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗി​​ലെ സ്വ​​ർ​​ണം അ​​ട​​ക്കം ബി​​ർ​​മി​​ങ്ഹാ​​മി​​ൽ ഇ​​ന്ത്യ ആ​​കെ 22 സ്വ​​ർ​​ണം, 16 വെ​​ള്ളി, 23 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 61 മെ​​ഡ​​ലാ​​യി​​രു​​ന്നു സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട ഇ​​ന​​ങ്ങ​​ളി​​ൽ 2022ൽ ​​ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ടം ഇ​​ങ്ങ​​നെ:

►ബാ​​ഡ്മി​​ന്‍റ​​ണ്‍: സ്വ​​ർ​​ണം 3, വെ​​ള്ളി 1, വെ​​ങ്ക​​ലം 2
►ക്രി​​ക്ക​​റ്റ്: വെ​​ള്ളി 1
►ഹോ​​ക്കി: വെ​​ള്ളി 1, വെ​​ങ്ക​​ലം 1
►പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്: സ്വ​​ർ​​ണം 1
►ടേ​​ബി​​ൾ ടെ​​ന്നീ​​സ്: സ്വ​​ർ​​ണം 4, വെ​​ള്ളി 1, വെ​​ങ്ക​​ലം 2
►സ്ക്വാ​​ഷ്: വെ​​ങ്ക​​ലം 2
►ഗു​​സ്തി: സ്വ​​ർ​​ണം 6, വെ​​ള്ളി 1, വെ​​ങ്ക​​ലം 5