കേരള ബ്ലാസ്റ്റേഴ്സ് x മുഹമ്മദൻ; രാത്രി 7.30ന്
Saturday, October 19, 2024 11:59 PM IST
കോൽക്കത്ത: രാജ്യാന്തര ഇടവേളയ്ക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പുനരാരംഭിച്ചതിന്റെ നാലാംനാളായ ഇന്നു കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് എഫ്സി കളത്തിൽ. എവേ പോരാട്ടത്തിൽ കോൽക്കത്തൻ പാരന്പര്യ ടീമുകളിലൊന്നായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
മൈക്കൽ സ്റ്റാറെയുടെ ശിക്ഷണത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം ജയം പ്രതീക്ഷിച്ചാണ് കോൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. നാലു മത്സരങ്ങൾ കളിച്ചതിൽ ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്.
2024-25 പ്രീ സീസണ് ട്രാൻസ്ഫർ വിൻഡോയിലൂടെ എത്തിയ മൊറോക്കൻ താരം നോഹ് സദൗയിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ട്. നാലു മത്സരങ്ങൾ കളിച്ച നോഹ്, മൂന്നു ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.
ആരോഗ്യം വീണ്ടെടുത്ത പ്ലേ മേക്കർ അഡ്രിയാൻ ലൂണ ഫുൾസ്വിംഗിൽ കളത്തിലെത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെടുമെന്ന വിശ്വാസത്തിലാണ് ആരാധകർ.